Sunday, January 30, 2011

പരമാര ദേവി ക്ഷേത്രം

മന്ത്രപറബിനേയും പണിക്കശ്ശേരി പറബിനേയും വേര്‍തിരിക്കുന്നത് റെയില്‍ പാളങ്ങള്‍ ആയിരുന്നു. എന്‍റെ വീടിന്റെ മുന്നില്‍ തന്നെ ആയിരുന്നു സിഗ്നല്‍.പഴയ സിഗ്നല്‍ ഒരാളുടെ കൈ പോലെ ആയിരുന്നു. ട്രെയിന്‍ വരുമ്പോള്‍ അത് കൈ പൊക്കുകയും, കടന്നു പൊയ് കഴിഞ്ഞാല്‍ താഴ്ത്തുകയും ചെയ്തു. ഇപ്പോള്‍ ചുവപ്പും,പച്ചയും ലൈറ്റുകള്‍ ആയി സിഗ്നല്‍ മാറി കഴിഞ്ഞു. ഇടക്ക് ട്രോള്ളിയില്‍ വല്യ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാറുണ്ട്. ചെറിയ ചക്രം ഉള്ള ഒന്നായിരുന്നു അത് അത് ഉന്തി ആണ് നീക്കുന്നത്. രണ്ടു പേര്‍ പാളത്തിലൂടെ ഉന്തി കൊണ്ട് ഓടും.കുറെ സ്പീഡ് ആകുമ്പോള്‍ അവര്‍ അതില്‍ പിടിപിച്ച ചെറിയ സീറ്റില്‍ കയറി ഇരിക്കും. പിന്നെ കുറെ ദൂരം ട്രോള്ളി തനിയെ ഓടും.
രസമുള്ള കാഴ്ച ആയിരുന്നു അത്. ഇപ്പോള്‍ ട്രോള്ളി ഇല്ല.

പണിക്കശ്ശേരി പറമ്പില്‍ കുടുംബി സമുദായത്തിന്റെ കോളനി ആയിരുന്നു.കേരളത്തിലെ ഗൌഡ സരസ്വത ബ്രാഹ്മണരുടെ ( കൊങ്കണി) സഹായികള്‍ ആയി കുടിയേറിയ ആളുകള്‍ ആയിരുന്നു ആ സമുദായം. അവരുടെ ഭാഷയും, കൊങ്കണി ഭാഷയും ഏറെ കുറെ സാമ്യം നിലനിര്‍ത്തി. പഴയ സ്ത്രീകളുടെ സാരിയുടുക്കല്‍ പ്രത്യേക രീതിയില്‍ ആയിരുന്നു. അവര്‍ ബ്ലൌസ് ഉപയോഗിച്ചിരുനില്ല. അത് ഒരു വൃത്തികേടായി ആര്‍ക്കും തോന്നിയതും ഇല്ല. പുതിയ തലമുറയില്‍ അതൊന്നും ഇല്ല. അവര്‍ക്ക് സ്കൂളില്‍ സ്കോളര്‍ഷിപ്‌ കിട്ടുമെകിലും പഠിക്കാന്‍ അവര്‍ താല്പര്യം കാണിച്ചിരുനില്ല. എന്‍റെ കൂടെ ആ കോളനിയിലെ കുറെ കുട്ടികള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷ്‌ എന്നു പേരായ ഒരുവന്‍ മാത്രം പഠിക്കാന്‍ മിടുക്ക് കാട്ടി. പഠിച്ചു പഠിച്ചു അവനിപ്പോള്‍ അല്പം മാനസിക പ്രശ്നങള്‍ ഉണ്ടെന്നു ഈയിടെ ആണ് ഞാന്‍ അറിഞ്ഞത്. പിന്നെ എന്നെ ഓര്‍മിക്കുന്ന മുഖം സുരേഷിന്റെ ആയിരുന്നു. നടക്കാന്‍ കഴിവില്ലാത്ത അവനെ പത്തു വരെ അവന്റെ അമ്മ ചുമന്നാണ് കൊണ്ട് വന്നിരുന്നത്. എന്‍റെ അടുത്ത സുഹൃത്ത്‌ ആയിരുന്നു അവന്‍. അവന്‍ എന്നു ഈ ലോകത്തില്‍ ഇല്ല. എന്നെ ഏറെ വേദനിപിച്ച ഒന്നായിരുന്നു അവന്റെ വേര്‍പാട്‌.

നോര്‍ത്തിലെ പരാമര ദേവി ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്ര സങ്കല്പം ആയിരുന്നു. പണ്ട് എന്‍റെ അമ്മയും മറ്റും ആല്‍തറയില്‍ നിന്നു കൊണ്ട് ദേവിയെ തൊഴുതു.അന്ന് ഞങ്ങള്‍ക്കൊന്നും ക്ഷേത്രത്തില്‍ കയറി തോഴന്‍ ഉള്ള അവകാശം ഉണ്ടായിരുനില്ല. ചേരാനെല്ലൂര്‍ കര്‍ത്താക്കളുടെ ക്ഷേത്രം ആയിരുന്നു അത്. അത് കാടു പിടിച്ചു കിടക്കുകയും മറ്റും കിടക്കുന്ന സമയത്ത് എന്‍റെ വല്യച്ചന്‍ പപ്പന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന പദ്മനാഭന്‍ ഒക്കെ ആണ് കാടു വെട്ടി തെളിച്ചു വിളക്ക് വെച്ചതും മറ്റും. അന്ന് ടാറ്റാ കമ്പനിയിലെ ജോലി ആയിരുന്നു വല്യച്ചന്. അവിടെ നടന്ന ആദ്യ തൊഴിലാളി സമരം നയിച്ചത് ഈ വല്യച്ചന്‍ ആയിരുന്നു. ജോലി പോയി. കുട്ടികള്‍ ഇല്ലാത്ത ആ ദേഹം വല്യമ്മയോടൊപ്പം തറവാട്ടില്‍ ജീവിച്ചു. മരണം വരെ. തലയ്ക്കു സുഖം ഇല്ലാത്ത വല്യമ്മയില്‍ നിന്നും ആണ് ഞാന്‍ എന്‍റെ കുടുംബ ചരിത്രം അറിയുന്നത്. അത് കേള്‍ക്കാന്‍ ഏറെ കൊതിച്ചതും ഞാന്‍ മാത്രം ആയിരുന്നു. ഉറങ്ങാനുള്ള ഗുളികകള്‍ കഴിച്ചു കഴിച്ചു അവര്‍ തളര്‍ന്നു.ഉറക്കം ഉണര്‍ന്നാല്‍ തറവാടിന്റെ കഥകള്‍ പറഞ്ഞു രസിക്കാന്‍ ഈ വല്യമ്മയെ കഴിഞ്ഞേ ഉള്ളു ആരും. വെളുപ്പിനെ മൂന്നു മണിക്ക് തണുത്ത വെള്ളത്തില്‍ കുളിക്കുകയും, പരമാരയില്‍ പോയി തോഴുകയും ചെയ്തു പോന്നു അവര്‍. മറ്റുള്ളവര്‍ അതും അസുഖത്തിന്റെ ഭാഗമായി കരുതി. ഞാന്‍ ജനിച്ചപ്പോള്‍ നാവില്‍ വെള്ളം തൊട്ടു തന്നത് ഈ വല്യമ്മ ആയിരുന്നു. ഇടക്ക് എനിക്ക് ചെകുത്താന്‍ കൂടുമ്പോള്‍ എന്‍റെ അമ്മ അത് പറഞ്ഞു കളിയാക്കും.
അല്പം വെളിവില്ലായ്മ ഉള്ളത് നല്ലതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നോര്‍ത്ത് ടൌണ്‍ഹാളിന്റെ മുന്നില്‍ ആയിരുന്നു പരമാര ദേവി ക്ഷേത്രം. വടക്കോട്ട്‌ ദര്‍ശനം നല്‍കുന്ന ഉഗ്രമൂര്‍ത്തി. നിറയെ അഭരണങള്‍ ചാര്‍ത്തി പട്ടു ചുറ്റി ഇരിക്കുന്ന ദേവിയെ കാണാന്‍ തന്നെ കണ്ണിനു സായൂജ്യം ആയിരുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി കര്‍ത്താക്കള്‍ അമ്പലത്തിനു ചുറ്റും കെട്ടിടം പണിഞ്ഞു. അമ്പലം മറഞ്ഞു പോയി. ചുറ്റും കച്ചവടക്കാര്‍ നിറഞ്ഞു. കര്‍ത്താവിന്റെ ഗതികേട് അവിടെ തുടങ്ങി. അകാലത്തില്‍ അയാള്‍ മരിച്ചു. ഈ അമ്പലത്തിലെ പണിക്കാരായിരുന്നു പണിക്കശ്ശേരിയിലെ അമ്മമാര്‍. അവര്‍ക്ക് ഉത്സവ ദിവസം ഒന്ന് രണ്ടു ദിവസം അവിടെ പടേനി എന്നു പറയുന്ന ചടങ്ങിനു അവകാശം ഉണ്ട്. താലം എടുത്തു പെണ്ണുങള്‍ നിറയ്ക്കും. ചെട്ടികൊട്ട് ( കുടുംബികളെ ചെട്ടികള്‍ എന്നും വിളിച്ചിരുന്നു) കേള്‍ക്കാന്‍ സുഖം ഉള്ള താളം ആയിരുന്നു. ഇവരുടെ പേരിന്റെ കൂടെ ഭായി എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്‌. രുക്മിണിഭായി, തുളസി ഭായി അങ്ങനെ..കുറെ ഭായിമാര്‍...ലെക്ഷ്മി രൂപം ഉള്ള താലി ആണ് അവര്‍ അണിയുക. കയ്യില്‍ പ്ലാസ്റ്റിക്‌ വളകള്‍ ഉപയോഗിച്ചിരുന്നു. അമ്പലത്തില്‍ അന്നൊക്കെ നല്ല നല്ല പരിപാടികളും ഉണ്ടായിരുന്നു. ഉഷ ഉതുപ്പിന്റെ ഗാനമേള, നാടകം, ബാലെ, ഓട്ടന്‍ തുള്ളല്‍, കഥകളി, വില്ലടിച്ചാന്‍പാട്ട് ...പണിക്കശ്ശേരിക്കാരുടെ താലം വരവ് തന്നെ ആയിരുന്നു ഏറ്റവും വലിയ ആകര്‍ഷണം..പരസരതുള്ള ഇല്ല കുബുമ്പി കോളനികളില്‍ നിന്നും താലം വരവ് ഉണ്ടാകും. കാവടിയും തപ്പും, താളവും അതിന്റെ മാറ്റു കൂട്ടി.





No comments:

Post a Comment