Sunday, April 24, 2011

മഴ

കാത്തു നില്ക്കാന്‍ ഇപ്പോള്‍ മരതണല്‍ ഒന്നും ഇല്ലല്ലോ.
ഒരു ചെറിയ വാകയുടെ തണലില്‍ ഞാന്‍ നിന്നു. അവള്‍ വരും, വരാതിരിക്കില്ല.
ചുറ്റും ഭൂമി കുലുങ്ങുന്ന പോലെ ട്രാഫിക് തിരക്കുകള്‍. ഉറക്കെ സംസാരിച്ചാലും ആരും ഒന്നും
അറിയില്ല.മഴ പെയ്യുമോ? ആവൊ? ഈയിടെയായി മഴ എന്നെ ചതിക്കാറുണ്ട്.
പലപ്പോഴും നനഞ്ഞു ആണ് വീട്ടില്‍ എത്തുക.
തണുത്ത ദേഹം, വിയര്‍പ്പില്‍ ഒട്ടി ചേരുന്ന കുപ്പായം.
പൊടിക്കാറ്റു വീശി പോയി.ചിലപ്പോള്‍ പെയ്യും.പെയ്യട്ടെ.
കല്യാണം കഴിക്കാം എന്ന് വാക്ക് കൊടുക്കുന്ന ദിവസം ആണ് ഇന്ന്.
എനിക്ക് ആരെയും പേടിയില്ല.ജീവിതം ഞാന്‍ തിരഞ്ഞെടുക്കുന്നു.
അതില്‍ ആരും തെറ്റ് കാണില്ല.അമ്മ ചിലപ്പോള്‍ കരഞ്ഞേക്കും. ഓ അത് സാരമില്ല.
വാകയുടെ ചില്ലകള്‍ അടി ഉലഞ്ഞു. മഴ ചാറ്റലായി മെല്ലെ എന്നെ തണുപ്പിക്കാന്‍ തുടങ്ങി.
നഗരം വല്ലാതെ തിക്കും തിരക്കും കൂട്ടി ഓടാന്‍ തുടങ്ങി. മഴ കനക്കുന്നു.
അവള്‍ വരാന്‍ ആകുന്നത്തെ ഉള്ളു, പക്ഷെ മഴ? ചതിക്കുമോ?
കുറച്ചു പിറകിലേക്ക് മാറി ഒരു കടയുടെ തണലില്‍ നിന്നു. തിരക്കാണ് അവിടെയും
മിന്നല്‍..പിന്നെ..ഇടി മുഴക്കം..കാറ്റു..മഴ..ഭീകരം..മഴ കാറ്റു.??
മഴയില്‍ ഒന്നും തെളിയുനില്ല.കണ്ണ് മൂടിയോ? വാകയുടെ ചുവട്ടില്‍ ആരോ? അവള്‍ വന്നോ?
ഇല്ല, ഒരു പുരുഷന്‍ ആണ്. അയാള്‍ വെറുതെ മഴ കൊള്ളുന്നു..അതും വാകയുടെ ചുവട്ടില്‍ നിന്നു..
കണ്ടപ്പോള്‍ രസം തോന്നി. ഒരു കൂസലും ഇല്ല അയാള്‍ക്ക്. എനിക്ക് തണുക്കാന്‍ തുടങ്ങി.
ഷര്‍ട്ടും,പാന്റും അടിവസ്ത്രവും നനഞു തുടങ്ങി. കാറ്റു വീശി നനയുന്നു. കനത്ത മഴയില്‍ കണ്ണ് മൂടി.
വാകയുടെ ചോട്ടില്‍ ആരോ? വേറെ ഒരു ദേഹം? അവള്‍ ..ആണോ? കയ്യില്‍ കുട ചൂടി അവള്‍ അയാളെ
പൊതിഞ്ഞു. തോളില്‍ കയ്യിട്ടു കൊണ്ടു അവര്‍ തിരക്ക് കുറഞ്ഞ റോഡ്‌ കടന്നു..
നെഞ്ച് പിളര്‍ക്കുന്ന മിന്നലില്‍ അവളുടെ കൂടെഉള്ള എന്നെ ഞാന്‍ കണ്ടു.
ഞാനും, അവളുടെ കൂടെയുള്ള ഞാനും മഴ നനയുകയാണ്‌..