Sunday, February 27, 2011

ഒരു സത്യം എന്നു കൂടുതല്‍ ബോധ്യമായി.

അറിവ് എന്നത് ഡിഗ്രീ ഒന്നും അല്ല. എം.ബി.എ പഠിച്ച പലരെയും കാണുന്ന ജോലി ആണ് എനിക്ക്. ഒരു പിശുക്കന്റെ മിടുക്കോടെ അവര്‍ തെണ്ടി നടക്കും, എന്തിനു വേണ്ടി? നേട്ടം ഉണ്ടാക്കാന്‍ വേണ്ടി. പക്ഷെ അത് ജീവിതത്തില്‍ കിട്ടാറുമില്ല. അവസാനം അവരെ കൊണ്ടെത്തിക്കുന്നത് നാശത്തിന്റെ വക്കില്‍ ആയിരിക്കുകയും ചെയ്യും. അവര്‍ പ്രേമം നടിക്കുന്നവര്‍ മാത്രം! കുഞ്ഞിനെ സ്വയം ലാളിക്കാതെ വേലക്കാരിയുടെ കയ്യില്‍ കൊടുത്തു മാറി നില്‍ക്കും.
കടം വാങ്ങിയ കാറില്‍ ഞെളിഞ്ഞിരിക്കും.കാണാന്‍ കൊള്ളാത്ത കാശുള്ള ഭാര്യേ ചുമക്കും.
അവള്‍ ജീന്‍സും,ടോപ്പും ഇടുന്നവള്‍ ആയാല്‍ മാത്രം മതി. ഞായറുകളില്‍ കേന്റെക്കി ചിക്കന്‍ കഴിച്ചുവിശപ്പടക്കും. ജങ്ക് ഫുഡില്‍ ആനന്ദം കൊള്ളും. കുഞ്ഞു ഒണക്കകൊള്ളി പോലെ വളരും.ഇടക്കിടെ പുഠിന്‍ ഹാരയും, ജെലുസിനും വിഴുങ്ങും.."സത്യം" ( ഈ പേരില്‍ ഐ.ടി കമ്പനി ഉണ്ട് )ജോലി ചെയ്യുമ്പോള്‍ അവന്‍ അടിമയാണ്. ശമ്പളം പറ്റുന്ന അടിമ.

Tuesday, February 22, 2011

ഒരു പ്രതീക്ഷ

ആ മുറിയില്‍ ഒരു പ്രതീക്ഷയാണ് ഞാന്‍ മറന്നു വെച്ചത്. കാറ്റു വന്നു ജനലുകള്‍ അടച്ച ഒരു സന്ധ്യ. സോപ്പ് മണക്കുന്ന കട്ടിലില്‍ കിടക്കുമ്പോള്‍ ഓര്‍ത്തു, എന്‍റെ സമയം പഴാകില്ല..പക്ഷെ? മണിക്കൂറുകള്‍ ഏറെ വൈകി മഴ നനഞു രാത്രിയും കയറി വന്നു. നല്ല മിന്നലും.കൂട്ടുകാര്‍ പിരിഞ്ഞു പോയ മുറിയില്‍ തനിച്ചിരിക്കാന്‍ വിരസത തോന്നി. പോയാലോ? വെറുതെ ചുറ്റി നടക്കാം. ഉറക്കം വരുമ്പോള്‍ തിരികെ വീണ്ടും? ഞാന്‍ ആരെയെങ്കിലും പ്രതീക്ഷികുനുണ്ടോ? ഒരു നോവ്‌ പോലെ മനസ്സില്‍ വെള്ളിടി വെട്ടി.

ഇല്ല, ആരും വരാനില്ല, ആരും വരുമെന്ന് പറഞ്ഞിട്ടുമില്ല. പിന്നെ ഞാന്‍ ആരെയാണ് കാത്തിരിക്കുന്നത്? ജനല്‍ തുറന്നാല്‍ മഴയുടെ ആരവം. പേടിക്കുന്ന മിന്നല്‍ പിണരുകള്‍. ഇടിവെട്ടിന്റെ കനത്ത ശബ്ദം. പോകാം..അതാണ് ഉത്തമം. വേഗം വസ്ത്രം ധരിച്ചു. പെട്ടിയില്‍ എല്ലാം കുത്തി നിറച്ചു.
വാതില്‍ പൂട്ടി ഇറങ്ങി.മഴയുടെ തണുപ്പിലേക്ക് കുടയില്ലാതെ ഇറങ്ങുമ്പോള്‍ ഓര്‍ത്തു, എന്തോ മറന്നു? ഓര്‍ത്തു നോക്കി. ഒരു പിടുത്തവും കിട്ടുനില്ല. പക്ഷെ എന്തോ ഞാന്‍ മറന്നിരിക്കുന്നു.

മഴ കനക്കുന്നു.കുപ്പായം ശരീരത്തില്‍ ഒട്ടികിടന്നു തണുത്ത് വിറയുകയാണ്, പോയി നോക്കാം..

മഴയില്‍ ഇപ്പോള്‍ മുന്നില്‍ ബസ്‌ സ്റ്റാന്റ് ആണ് കാണുന്നത്. ലോഡ്ഗില്‍ നിന്നും ഏറെ ദൂരം കടന്നു പോന്നത് അറിഞ്ഞില്ല. ഇനി തിരികെ ചെന്നാല്‍ കിട്ടുമോ? എന്താണ് മറന്നത് എന്നു അവര്‍ ചോദിച്ചാല്‍ പറയാന്‍ ഉത്തരം ഇല്ല. എന്തോ മറന്നിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ അവര്‍ ചിരിക്കില്ലേ? പോട്ടെ, പോയത് പോയി. മറക്കാം..

രാത്രി വണ്ടികളുടെ പാച്ചിലില്‍ ഒതുങ്ങി മാറി നിന്നു. മഴ താളം ചവിട്ടുകയാണ്.
എന്തോ മറന്നിട്ട ഒന്നിന്റെ ഓര്‍മകളില്‍ മഴ നനഞു ഒതുങ്ങി നിന്നു. കുറെ നേരം...
വീണ്ടും ഒരു ഉള്‍വിളിയില്‍ നടന്നു. ഇനി ലോഡ്ഗ് തപ്പി പിടിക്കണം.

Saturday, February 19, 2011

വെടിമരുന്നിന്റെ മണം നിറഞ്ഞ മുറിയില്‍ കുറെ നേരം ഇരിക്കേണ്ടി വന്നു.
കുറെ കഴിഞ്ഞാണ് അയാള്‍ വന്നത്. വരൂ" എന്നു പറഞ്ഞു അയാള്‍ എന്നെ ആ കെട്ടിടത്തിന്റെ വേറൊരു മൂലയിലേക്ക് കൊണ്ടുപോയി. നീളന്‍ വരാന്ത. അരമതില്‍. എണ്ണ മണക്കുന്ന ഗന്ധം!
നേരെത്തെതിലും വളരെ വെത്യസ്തമായ ലോകം. കഷായം മണക്കുന്ന തൂണുകള്‍.
ആരെയും കാണാതെ എന്നെ അരമതിലില്‍ ഇരുത്തി അയാള്‍ പോയി.
ഇടക്ക് ഒരാള്‍ വന്നു നോക്കിയിട്ട് വീണ്ടും അകത്തേക്ക് തന്നെ പോയി.
മുഷിച്ചില്‍ ഒട്ടും തോന്നിയില്ല. നല്ല ഔഷധം മണക്കുന്ന കാറ്റു വീശുകയാണ് ഈ മുറ്റത്ത്‌...
പറമ്പില്‍ നെല്ലിയും, അശോകവും തൊട്ടുതൊട്ടു നില്‍ക്കുന്നു.
പൂത്തുലഞ്ഞു നവോഡയെ പോലെയാണ് അശോകം. നെല്ലി മൊത്തം ഇളകുന്നു.
വടക്ക് ഭാഗത്തെ മുറി തുറന്നു ഒരാള്‍ പുറത്തിറങ്ങി. കുളി കഴിഞ്ഞു ഇറങ്ങിയതനെന്നെ തോന്നു കണ്ടാല്‍, ശുഭ്ര വസ്ത്രത്തില്‍ അയാളെ എവിടെയോ പരിചയം തോന്നിപ്പിച്ചു.
അയാള്‍ എന്നെ ശ്രദ്ധിച്ചില്ല. തെക്ക് വശം കാറിന്റെ ഞരക്കം. വാഹനം കടന്നു പോയി.
അടുത്തത് എന്‍റെ ഊഴമാണോ എന്നറിയാന്‍ തിടുക്കം തോന്നി. അകത്തേക്ക് കണ്ണ് പോയി.
വാതില്‍ അടഞ്ഞു. ഇനിയും കാത്തിരിക്കണം...ഇരിക്കാം..അവസരം ആകുന്നത്‌ വരെ കാത്തിരിക്കാം...കണ്ണുകള്‍ മെല്ലെ അടച്ചു, തൂണ് ചാരി ഇരുന്നു. സന്ധ്യ കറുക്കുകയാണ് ..
വെടി മരുന്നിന്റെ മണവും, പുകയും നിറഞ്ഞ മുറിയില്‍ ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.