Friday, July 8, 2011

മോക്ഷം കിട്ടാത്ത ഒരമ്മ.

ചുങ്കിടി ഡിസൈനില്‍ മഞ്ഞ നിറത്തിലെ ഒരു ചുരിദാര്‍ ആണ് അന്ന് അവര്‍ ധരിച്ചിരുന്നത്. സ്റ്റീല്‍ ഫ്രെയിം കണ്ണടയും,കയ്യില്‍ കാലന്‍കുടയുമായി ചില്ല് വാതില്‍ തുറന്നു വന്നപ്പോള്‍ തന്നെ ഞാന്‍ അവരെ കണ്ടു. റിസപ്ഷനിലെ പയ്യന്‍ ഇംഗ്ലീഷ് പത്രം കൈമാറി. അതുമെടുത്ത് ആരെയും ശ്രദ്ധിക്കാതെ അവര്‍ കോവണി കയറാന്‍ തുടങ്ങി. മുകളിലത്തെ നിലയിലെ റൂമില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. അവിടെയെത്താന്‍ അവര്‍ ഒരിക്കല്‍ പോലും ലിഫ്റ്റ്‌ ഉപയോഗിച്ചിരുന്നോ എന്നു പലര്‍ക്കും സംശയം. അങ്ങനെ എത്ര വര്‍ഷം?

ലൊക്കേഷന്‍- എറണാകുളം ദിവാന്‍സ് റോഡിലെ "ചന്ദ്രിക രെസിടന്‍സി", ഹോട്ടല്‍ .

കഥാപാത്രം- മരിയ ഷിമിഡ്

വര്‍ഷം- 1995

ഒരു ആപ്പിള്‍, മിട്ടായികള്‍ അതൊക്കെ ആയിരുന്നു അവരുടെ ഒരു ദിവസത്തെ ഭക്ഷണം!
ഇടക്കിടെ പുറത്ത് പോകും, കുറെ കഴിഞ്ഞു തിരിച്ചു വരും. എങ്ങോട്ട് പോകുന്നെന്നോ മറ്റും
ചോദിക്കാന്‍ ആരും നിന്നില്ല. അവര്‍ ആരോടും മിണ്ടാറില്ല.അവിടത്തെ ഒരു പയ്യന്‍ പറഞ്ഞത് അവര്‍ ഏതോ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വന്ന പത്രപ്രവര്‍ത്തക എന്നാണ്. ഒരു ദിവസം 700 രൂപ വാടക വരുന്ന റൂമില്‍ ആണ് താമസം! ഒരിക്കല്‍ പോലും തെറ്റിക്കാതെ അത് കൊടുത്തു പോന്നു.നഗരവാസികള്‍ ആയ ഞങ്ങള്‍ക്ക് ഒരു അത്ഭുതം ആയിരുന്നു മരിയ. (ഞങ്ങള്‍ കളിയാക്കി അവരെ അമ്മച്ചി എന്നു വിളിക്കാറുണ്ടായിരുന്നു).ഇന്ന് ആ മുറിയില്‍ മരിയ ഇല്ല. മുറിയില്‍ 23 ദിവസം മുന്‍പ് മരിച്ചു കിടന്ന അവര്‍ ഇന്ന് എറണാകുളം ജെനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിത്യ നിദ്രയില്‍ കഴിയുന്നു.
(എന്‍റെ ഓര്‍മകളില്‍ നിന്ന്)