Friday, August 26, 2011

വിശക്കാത്ത വയറുമായി കേറി ചെല്ലുന്നിടം
ഓട്ട കലത്തിലെ കഞ്ഞി വെക്കുന്നവര്‍..
പിഴച്ച പെണ്ണിന്റെ കൂടെ കിടന്നവന്‍..
ആദ്യമായ് രാവിന്‍റെ നേര് നുകര്‍ന്നവന്‍..
കരളിന്റെ മോഹം വിതുമ്പി തുളുംബിയ
കാലമാം കൈ പിടിചാര്തിയാല്‍ വന്നവന്‍
ഒട്ടും ഒടുങ്ങാത്ത മുഗ്തമാം സ്വരലോക
വീണയില്‍ മെല്ലെ താളം പിടിച്ചവര്‍
എന്നിട്ടും എന്‍റെ കൈ പിഴക്കാതെ
കേറി പിടിച്ചിട്ടു നേട്ടം കൊയ്യുന്നവര്‍..

Tuesday, August 23, 2011

പേര് പറയാത്ത ഒരാളിനെ ഞാന്‍ പ്രേമിക്കണോ?
ഉടലിന്റെ ഭംഗി മാത്രം കണ്ട് ഞാന്‍ പെരുമാറണോ?
സത്യം ഞാന്‍ തുറന്നു പറയട്ടെ, ആ രൂപം വെറും പാഴ്
അവള്‍ക്കു നല്കാന്‍ കഴിയാത്ത പ്രേമം ഞാന്‍ കൊടുക്കാം..

എന്‍റെ ജീവിതം തെരുവിലെ അഴുക്കുപോലെ
ഞാന്‍ കുടഞ്ഞിട്ട കണ്ണീരിന്റെ നനവുകള്‍ പോലെ
നിങ്ങള്ക്ക് പറയാന്‍ കഴിയുമോ, എപ്പൊഴും, എന്‍റെ
ജീവിതം വഴിവിട്ട പോലെ നിനക്കായി കേഴ്ന്ന ഞാന്‍ ?

Monday, August 22, 2011

എന്തിനോ വേണ്ടി ഞാന്‍ ഈ മുറ്റത്ത്‌ വന്ന്
അന്തിയില്‍ പൂക്കുന്ന പൂ പെറുക്കാന്‍ മാത്രം
പൂക്കുട വാങ്ങാന്‍ മറന്നുപോയി, വെയില്‍
പൂക്കാത്ത പൂക്കളെ തൊട്ടു തലോടുമ്പോള്‍..

Tuesday, August 16, 2011

ചങ്ങല

ഒരു കൈ പിടിച്ചു ഞാന്‍ തെരുവിലെ മൂലയില്‍
കണ്ണിലെ കനല്‍ കൊണ്ടു തീ കൂട്ടാന്‍ ഒരുങ്ങവേ,
വായിലെ ഉതിരും നല്‍ വാചക കസര്‍ത്തുകള്‍, പിന്നെ
ഉമിനീര്‍ ഇറക്കാതെ കടന്നു പോം എന്‍ ദിനചര്യകളും
കയ്യില്‍, മെയ്യില്‍ എന്നെ പുണര്‍ന്നു നിന്നു ചങ്ങല
കാതിലോര്‍ക്കാന്‍ കഴിയുമോ നിനക്കോതിയ മന്ത്രം?
(അന്ന ഹസാരെ ജയിലിലേക്ക്)

Saturday, August 13, 2011

പട്ടം

ആകാശച്ചെരുവില്‍ പൊട്ടുപോലെ, മിന്നി
നീ ഉയര്‍ത്തി വിട്ട ചുവന്ന പട്ടം, എന്‍റെ
വിണ്ണിലെ ദേവന്നു തൊടുകുറി ചാര്‍ത്താന്‍
പിന്നെ, നക്ഷത്ര മാലയില്‍ കോര്‍ത്തിടാനും

മേഘങ്ങള്‍ കാളസര്‍പ്പത്തെ കണക്കായി
നിന്നെ വിഴുങ്ങുവാന്‍ നില്‍ക്കുന്ന മാതിരി
മുന്നേ നീ നില്‍ക്കേണം, പിടികൊടുക്കാതെ
വര്‍ണങള്‍ മഴവില്ലായ് നിരക്കും നിന്‍ ചുറ്റും

കൊടി,തോരണം,കാലാള്‍ പടയൊരുക്കം,
പിന്നെ മണ്ണില്‍ പെയ്യുവാന്‍ കാലവര്‍ഷം
വിണ്ണിന്റെ മാറ് പിളര്‍ന്നു പൊയ് ഞെട്ടറ്റു
നിന്‍റെ നെറ്റിയില്‍ വീഴുന്നു രക്തപുഷ്പം

Monday, August 8, 2011

പലതരം കണികള്‍

ഇന്ന് രാവിലെ മദ്യമായിരുന്നു കണികണ്ടത്
"മദ്യം, പച്ചയിറച്ചി, മണ്ണ്, ശവവും..", തികട്ടി
തലേന്നത്തെ ചട്ടിയില്‍ വരട്ടിയ ഇറച്ചി
ചീഞ്ഞുപോകുന്നതിനു മുന്നേ മണ്ണിലേക്കിട്ടു
പത്രം തുറന്നാല്‍ ചീഞ്ഞ വാര്‍ത്തകള്‍,കൂടെ
കര്‍ക്കിടക കിഴിവില്‍ രണ്ടു പേജു പരസ്യം
അടുക്കളയില്‍ കത്തുന്ന തീയില്‍, ചായപാത്രം
കട്ടനടിയുടെ സുഖം, ചൂടോടെ ഇറങ്ങണം കീഴെ
"ദേ.." ചായ വന്നു, മൂന്നു പെഗ് അളന്നിട്ട പോലെ
അവളുടെ ഗന്ധവും പേറി ലഹരികാറ്റു വീശി
കുത്താന്‍ വരുന്ന കാളയുടെ ഓര്‍മകളില്‍
ഓഹരിയുടെ ഇടിയുന്ന വില കണ്ട് ഞെട്ടി
മോനുണര്‍ന്നു, കയ്യില്‍ ചിത്രപുസ്തകം, നീട്ടി
പൈക്കളെ മേയ്ക്കുന്ന കണ്ണന്റെ ലീലകള്‍
കോലക്കുഴല്‍ വിളി കേള്‍ക്കുന്നു ദൂരെ,ദൂരെ
നിന്നാരോ വരുന്നപോള്‍ അവ്യെക്തമായ്
ആരെയും കാണേണ്ട കണ്ണുകള്‍ മൂടി, കീഴെ
റോഡില്‍ നോക്കി നടക്കവേ, ചോരത്തുള്ളികള്‍
"അയ്യോ.." ആളുകള്‍ കൂകുന്നു..കൂട്ടമായ്, ഓടി
തളര്‍ന്നു ഞാന്‍ വീട്ടിലണഞ്ഞു കിതക്കവേ
പുഞ്ചിരി മാറി പരിഭ്രമിച്ചവള്‍,കരഞ്ഞു പുണരവെ
കുഞ്ഞു കിടാവായ്, തളര്‍ന്നു ഞാന്‍ പൂമേനിയില്‍.

Sunday, August 7, 2011

"ളിജിഓന്‍ ഓഫ് മേരി"

ഇന്നു വെള്ളിയാഴ്ച. വിറ്റോരിയുടെ പകല്‍ പള്ളിയുടെ മട്ടുപ്പാവില്‍ കുശിനിയുടെ തെക്കേ കോണില്‍ ഇരിക്കുന്ന "ളിജിഓന്‍ ഓഫ് മേരി" ഉടെ ചെറിയ മുറിയില്‍ ഇരുന്നു വെള്ളം കുടിച്ചു. ആകെ കൂടി 17 പെണ്ണുങ്ങള്‍ ആണ് സഭ.വിറ്റോറിആണ് സെക്രട്ടറി. കൌമാരം മുറ്റി നില്‍കുന്ന പെണ്‍കുട്ടികള്‍ വന്നാല്‍ അവരെ കൊണ്ടാണ് വായിപ്പിക്കുന്നത്. മുതിര്‍ന്ന പെണ്ണുങ്ങള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ല. അച്ഛനെ കൂടെ ഉള്ള പോളും അവരെ ചുറ്റി പറ്റി നില്‍ക്കും. അടുത്ത സണ്‍‌ഡേ നടത്തുന്ന ലക്കി ഡിപ്പിനെ കുറിച്ചാണ് വിഷയം. കാശു കുറെ കിട്ടും.നടത്താന്‍ പെണ്ണുങ്ങള്‍ മാത്രം പോര. നല്ല എടുപ്പുള്ള ചെറുപ്പക്കാരും വേണം, ടോക്കെന്‍ വില്‍ക്കാന്‍ പണിയാണ്. മൊത്തം വിറ്റാല്‍ രെക്ഷപെട്ടു. മൊത്തം ലാഭം.വിറ്റോരിയുടെ ചിന്ത തളിര്‍ത്തു. കൂട്ടിനു രണ്ടു പെണ്ണുങ്ങള്‍ മാത്രം. ഒരാള്‍ ജോസയുടെ ഭാര്യ വെളുത്ത മേരി ആണ്. പിന്നെ ഹാര്‍ബര്‍ പൈലിയുടെ കെട്ടിയോള്‍ സിസിലിയും. രണ്ടു പേരും വിറ്റോരിയുടെ കൂടെ നിന്നു കാല് വാരുന്നവര്‍. സണ്‍‌ഡേ പള്ളി കഴിഞ്ഞു നടക്കുമ്പോള്‍ പോള്‍ വെറുതെ ചുറ്റിപറ്റി നിന്നു. വിറ്റോരിയുടെ മകള്‍, അവളെ കാണാന്‍ വേണ്ടി ആണ് അവന്റെ ശ്രമം.പണ്ട് കുഞ്ഞുമോന്റെ കരണത് അടിച്ച ചരിത്രം അവള്‍ക്കുണ്ട്. അച്ഛന്‍ ഇടപെട്ടാണ് അന്ന് പ്രശ്നം ഒതുക്കിയത്. ആറു അടി ഉയരം ഉള്ള പോളിന് പള്ളിയുടെ അത്ര പൊക്കം ഉണ്ടെന്നു അടിച്ചു വരാന്‍ വരുന്ന പൌളി അഭിപ്രായപെട്ടു.നിനക്ക് നല്ല ഉശിരുള്ള പെണ്ണിനെ കിട്ടും എന്ന് അവര്‍ പറയുകയും ചെയ്തു. ഉശിര് എന്നതാ എന്ന് അവനു അന്ന് മനസിലായില്ല.അച്ഛന്റെ കൂടെ കിടന്നു അവന്‍ ലോകത്തിന്റെ തെറ്റുകള്‍ മാത്രം ചെയ്യാന്‍ ശീലിച്ചു. അച്ഛന്‍ അവന്റെ ശരീരം യേശുവിന്റെ ഉപമയാല്‍ മറ്റൊരാള്‍ക്കും വീതിക്കാത്ത വിധം കുരിശിന്റെ വഴിയെ പോയി.പോള്‍ വിയര്‍പ്പില്‍ നനഞ്ഞു.ഒരിക്കലും പെയ്യാത്ത മഴയുടെ ചേലില്‍ അവന്‍ പേമാരിയായി.കാറ്റില്‍ വള്ളികള്‍ ഉലയുകയും, കായ്കള്‍ പൊഴിയുകയും ചെയ്തു. എന്നിപ്പോള്‍ അവന്‍ വിറ്റോരിയുടെ മോളെ കാണാന്‍ ഇരിക്കുന്ന ഇരുപ്പ്‌ കണ്ട് അച്ഛന്‍ ഞെട്ടി. ( ശേഷം കാഴ്ചയില്‍)

പ്രണയം

പ്രണയം..അത് നിന്നോടല്ല..
നീ എന്‍റെ വാക്കുകള്‍ തെറ്റിച്ച്..പോയ്‌
ഞാന്‍ വേറെ ഒരാള്‍ക്ക് അത് കടം കൊടുത്തു
അവനാണ് ഇപ്പോഴെന്റെ ജാരന്‍ ...
കള്ളും,കിഴങ്ങും കൊടുത്തു ഞാന്‍ ഊട്ടി
നിന്നെ കുറിച്ചുള്ള കവിതകള്‍ ചൊല്ലി
ഒന്നിന്റെ മേലെ ഒന്നൊന്നായ് തലോടി
പ്രണയത്തിന്‍ മോഹം അവനേറ്റു ചൊല്ലി
മാനം കളഞ്ഞു ഞാന്‍ മോഹമോടെ വീണാല്‍
നീയില്ല താങ്ങാന്‍, അത് വെറും ജല്പനം മാത്രം
കരുത്തില്ല നിന്‍റെ കവിളില്‍ ചെഞ്ചായം
പൂശുന്ന സന്ധ്യയും ഇന്ന് ഉദിച്ചില്ല
മോഹമോടെ ഞാന്‍ വിരല്‍ തേടി നില്‍ക്കെ
വരുകില്ല ആരാരും..ഈ പകലില്‍ തലോടാന്‍

മറൈന്‍ ഡ്രൈവിലെ പകല്‍...

മറൈന്‍ ഡ്രൈവിലെ പകല്‍...
ഒരു വെടിയുടെ ശബ്ദം...
ഞാന്‍ ചൊടിച്ചു...തകര്‍ന്നോ..പാലം?
ഇല്ല. എന്‍റെ നോട്ടം തെറ്റി മേലെ പോയ്‌
അവിടെ കടല്‍ ശാന്തമായ് ഒഴുകുന്നു
കറുക്കുന്ന സന്ധ്യ, രാത്രി..ചൂളം വിളികള്‍
പുല്ലില്‍ മയങ്ങുന്ന പെണ്ണ്, ആരാ? പുപ്പ
അവളുടെ കയ്യില്‍ മെഴുകു തിരിയുടെ വെട്ടം
ചെറിയ പാവാട, ബനിയന്‍..ഒത്താല്‍ ഒത്തു
മാലിക്കാരുടെ പേര് പറഞ്ഞു പുപ്പ തകര്‍ത്തു
പിന്നെ മടങ്ങാന്‍ നേരം, അമ്മക്ക് പാക്ക്, വെറ്റില
വയറു വിശന്ന കൂടപിരപ്പുകള്‍ കാത്തിരുന്ന്
മുഷിഞ്ഞ വേഷം മാറി, പുപ്പ കഞ്ഞി വിളമ്പി
അകലെ കേള്‍ക്കാം തെന്നലില്‍ നാദം

സൌഹൃദദിനം

കവിളില്‍ തലോടി മെല്ലെയെന്‍, നിന്‍
ചാരെ നിന്നു നുകാരമീ താമര ഗന്ധം
പുണരാന്‍, വനമാലി, നിനക്കെന്നെ
മൃദുവായി തലോടി ഉണര്‍ത്താമിനി
വെറുതെ നിനച്ചിന്നു, ഓര്‍ക്കുവനായ്
നമുക്കായ് ചമച്ചൊരു പുണ്ണ്യദിനം
മലര്‍ ശയ്യയില്‍,മലരായ് ശയിക്ക നീ
ഉണര്ന്നിരുന്നുവെന്‍ മന്മദചിന്തയും
കിളികള്‍ പാടട്ടെ, കാതോര്‍ക്ക നീയും
ഈ കുളിരല ചൂടി ഉണരുക വീണ്ടും
ഹൃദയം നിറയെ നല്‍കുവാനായി ഞാന്‍
അകതാരിലോളിപ്പിച്ച മധുചഷകം
വിരലൊന്നു തൊട്ടാല്‍ വിടരുന്ന നീയും
വിമലമായ് ചമച്ചൊരു പുണ്യ ദിനം

Wednesday, August 3, 2011

കര്‍ക്കിടകവാവ്

ഇലയടയും, കരിക്കും നിവേദ്യമായ്
തൂശനിലയിലവില്‍ , മലര്‍, കല്‍ക്കണ്ടവും
ചെറുതായരിഞിട്ട ശര്‍ക്കര, പൂചെത്തിയും
പഴുക്കാത്ത പൂവന്‍ പഴം,പിന്നെ കരിമുന്തിരി
തെളിച്ച,നവ തിരിയിട്ട പൊന്‍ വിളക്കും
ചന്ദന ഗന്ധം പരത്തീ ചെറുതിരി,കര്‍പ്പുരം
ഗന്ധമിത്യാദി, കോടിമുണ്ടും, പനംകള്ളും
കുട്ടികള്‍, ഞങ്ങളെ വാതിലടച്ചു മുറിക്കുള്ളില്‍
അമ്മ മൊഴിഞ്ഞു "കാര്‍ന്നോന്മാര്‍ വരും"
കേവലം ചെറുനേരം, മുറിക്കുള്ളില്‍ മൂകത
താളത്തില്‍ കതകില്‍ വന്നു മുട്ടുന്ന നേരം
വരിക, യൊന്നായി,കാണുക കയ്യിലെ
തുളസിയും, ചെത്തിയും വിളകാലിലിടുക
അമ്മ കുനിഞ്ഞു "വീത്" സമര്‍പിച്ചു
കണ്ടില്ല ഞങ്ങളാ കോടിയും,പനംകള്ളും
അയ്യോ,ആരാണതെടുതു കൊണ്ടു പൊയ്
അച്ഛനുമമ്മയും ചിരിക്കുന്നു നേര്‍ക്കുനേര്‍
കൊണ്ടു പൊയ് മക്കളെ, അവര്‍ക്കുള്ള പങ്ക്
എല്ലാ വര്‍ഷകര്‍ക്കിടം നാം ക്ഷണിക്ക വേണം
കൊണ്ടുപൊയ് കൊടുക്കാന്‍ കഴിയില്ല നമ്മുക്കിനി
അത് കൊണ്ടു നമ്മള്‍ നല്‍കുന്നു ഈ വീത്

Monday, August 1, 2011

മഴകണ്ണ്


മഴയൊഴുകിയ വഴിയിലൂടൊരു മഴനടത്തം
ഞാനെന്‍, മിഴിയിലൊരു നനവിന്റെ മുത്തിളക്കം,
കനവിലെ, തിണ്ണയില്‍ ചാറ്റല്‍ മഴ പെയ്യവേ,
അറിയതെയുണരുന്നെന്‍ മഴമേഘ രാഗം.
മറവിതന്‍ ലോകത്ത്, മാറാല തട്ടിയെടുത്ത
മനസിന്റെ ചെപ്പിലൊളിപ്പിച്ച രാഗം
ഇതു മീട്ടാന്‍ വരിക, നീ തുള്ളിക്കൊരു കുടമായ്
നിറയട്ടെ, നനയട്ടെ, എന്‍ മിഴി ജാലകങ്ങള്‍