Sunday, June 26, 2011

കുരവ

മറവിയുടെ പ്രായത്തില്‍
ഞാന്‍ പാവാട ഉടുത്തു, മുഖത്ത്, മഞ്ഞള്‍ തേച്ചു
കുരവയുടെ താളം കേട്ടു ഞാന്‍ കണ്ണ് പൊത്തി.
ഒഴുക്കില്‍ എന്‍റെ മുഖം വേറിട്ട കാഴ്ചയായി.
അലക്കുകല്ലില്‍ മയിലാഞ്ചി അരച്ച് കയ്യിലിട്ടു
ചോരയുടെ നിറം ഇളവെയിലില്‍ തിളങ്ങി.

Saturday, June 18, 2011

ഓര്‍മകള്‍, ഓളങ്ങള്‍..

രവിപുരത്തുള്ള ചേച്ചിയുടെ വീട്ടില്‍ ഒഴിവുകാലത്ത് ചെല്ലുമ്പോള്‍ പൊന്നമ്മ
ജോലിക്കാരിയായി അവിടെ ഉണ്ടായിരുന്നു. നല്ല തടിച്ചു, നീളന്‍ പാവാടയും, ബ്ലൌസും ആണ്
മുപ്പതുകാരിയായ പൊന്നമ്മ ധരിച്ചിരുന്നത്. ഹാസ്യം അവരുടെ കൂടപ്പിറപ്പായിരുന്നു. കുട്ടികള്‍ അവരുടെ തമാശയില്‍
ചിരിച്ചു. നന്നായി ജോലി ചെയ്യുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പോന്നമ്മയെ ഞങ്ങള്‍ കുട്ടികള്‍
അല്‍ഭുതത്തോടെ നോക്കി കണ്ടു. നാലുമണിക്ക് വിവിധ തരത്തില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി തന്നു അവര്‍ കുട്ടികളെ
കയ്യിലെടുത്തു.
അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ ആയിരുന്നു പോന്നമ്മ രാത്രി കിടക്കുക.
ഒരു പായും,തലയിണയും, പുതപ്പും അവര്‍ക്ക് കൊടുത്തിരുന്നു.അന്ന് നാന, ചിത്രഭൂമി, തുടങ്ങിയ സിനിമ മാസികകള്‍
ചേച്ചിയുടെ ഹരം ആയിരുന്നു. എല്ലാ സിനിമയും കാണാന്‍ പോകാന്‍ ചേച്ചി ഒരു മടിയും കാട്ടിയില്ല.
അത് കൊണ്ടു പഠിത്തത്തില്‍ ഒന്നും ഞങ്ങള്‍ മോശം ഒന്നും ആയില്ല. അവരുടെ തലയിണക്ക് താഴെ എപ്പൊഴും
മാസികകള്‍ കാണും.
"എനിക്ക് ഉണ്ണിമേരിയെ ആണ് ഇഷ്ട്ടം." പോന്നമ്മ വിവരിച്ചു.
"അയ്യേ?" സന്തോഷിനു ദേഷ്യം വന്ന് മുഖം തിരിച്ചു. സിന്ധുവും, ഞാനും ഒന്നും മിണ്ടിയില്ല.
"സുനിക്കോ" പോന്നമ്മ എന്നോട് ചോദിച്ചു.
ആലോചിക്കാതെ ഞാന്‍ പറഞ്ഞു, "ജയഭാരതി"
"മക്കളരിയില്ലേ, അവര്‍ അടൂരുകാരിയ.." പോന്നമ്മ നിവര്‍ന്നു ഇരുന്നുകൊണ്ട് പറഞ്ഞു.
അടൂര്‍ ആയിരുന്നു ചേച്ചിയുടെയും, പൊന്നമ്മയുടെയും തറവാടുകള്‍.
ഭാസ്കരേട്ടന്‍ ഇല്ലാത്ത ദിവസം ആണ് ഇങ്ങനെ തള്ളു പറയാന്‍ ഇരിക്കുവാന്‍ കഴിയു. ഉണ്ടെങ്കില്‍
പോന്നമ്മയോടു സംസാരിക്കാന്‍ സമ്മതിക്കാറില്ല. സ്റ്റോര്‍ മുറിയും അടുക്കളയും വിട്ട് അവര്‍ വരാറുമില്ല.
ചേട്ടന്‍ ഉള്ള ദിവസം ഞാനും കലൂരേക്കു തിരിച്ചു പോരും, കളി തന്നെ ആണ് വിഷയം. കുട്ടികള്‍ പഠിക്കില്ല എന്നു പറയും.
വഴക്ക് പറയുകയും, അത് പോലെ സ്നേഹിക്കുകയും ചെയ്യുന്ന ആളായിരുന്നു ഭാസ്കരേട്ടന്‍.

Friday, June 3, 2011

മഴയത്ത്

എന്‍റെ കുട്ടിക്കാലത്ത് മഴയത്ത് ഒരുപാടു കളിച്ച ഓര്‍മ്മകള്‍ നില്‍ക്കുന്നു.
കൊട്ടെകനാലിന്റെ ഒഴുക്കില്‍ വന്ന് പെടുന്ന കാരിയും, വരാലും ഒക്കെ പിടിച്ചു വറത്ത് തിന്നുകയും
ഇടക്ക് കിട്ടുന്ന സ്വര്‍ണ മത്സ്യങ്ങള്‍ കുപ്പിയില്‍ സൂക്ഷിച്ചും, കുട്ടികള്‍ തിമിര്‍ത്തു.
തോരാന ദിവസം ആറു ആന ഒഴുകി വരുന്നതും നോക്കി ഇരുന്നു. ആനയുടെ പകരം
പല വസ്തുക്കളും തോട്ടിലൂടെ ഒഴുകി വന്നു. റെയില്‍ പാളത്തില്‍ പോലും വെള്ളം നിറഞ്ഞു ഒഴുകും,
മദയാനയെ പോലെ തീവണ്ടി പലതും കടന്നു പോയി. വെള്ളത്തില്‍ കളിച്ചു കാലുകള്‍ മരവിക്കുകയും, ചിലര്‍ക്ക് പനിയും, ചുമയും ഒക്കെ പിടിക്കുകയും ചെയ്യും. ഡോക്ടര്‍ ഭാസ്കരമേനോന്റെ മരുന്നാണ് ആശ്വാസം.