Tuesday, January 11, 2011

സ്കൂളിന്റെ ഗ്രൌണ്ട് നല്ല വലിപ്പവും, ചുറ്റും മതില്‍ കെട്ടി തിരിച്ചതും ആയിരുന്നു.
പുല്ലു വളര്‍ന്നു നില്‍ക്കുമ്പോള്‍ അത് മനോഹരമായി തോന്നി. മൈതാനത്തിന്റെ കിഴക്കേ മൂലയില്‍ ഒരാള്‍ക്ക് കുനിഞ്ഞു പോകാന്‍ തക്ക വണ്ണം ഒരു കവാടം ഉണ്ടായിരുന്നു.അതിനു വാതിലൊന്നും ഉണ്ടായിരുനില്ല.അത് കൊണ്ട് തന്നെ സാമൂഹ്യ വിരുദ്ധര്‍ സ്കൂളിലെ കക്കൂസും മറ്റും മലിനപെടുത്തി. ഞങ്ങള്‍ ആരും മൂത്രം ഒഴിക്കാന്‍ പോലും അതില്‍ കയറിയില്ല.വൃത്തി കേടായി തന്നെ അത് നില നിന്നു. കലൂര്‍ ഭാഗത്തേക്ക് പോകുന്ന എനിക്കും മറ്റും ആ ഗേറ്റ് അനുഗ്രഹമായി.ചുറ്റി വളയേണ്ട. മുത്തങ്ങ പുല്ലു വളര്‍ന്നു നില്‍ക്കുന്ന ചെറിയ ഒരു മൈതാനവും മേലെ ഉണ്ടായിരുന്നു.സമയം കിട്ടുമ്പോള്‍ മുത്തങ്ങ കുത്തിയെടുത്തു തിന്നും. ഔഷധം ആയിരുന്നു അത്.

മുതിര്‍ന്ന കുട്ടികള്‍ ഗ്രൌണ്ടിന്റെ പടിഞ്ഞാറെ മൂലയില്‍ അത് പോലെ ഒരു കവാടം തുറന്നു.
ഇഷ്ടിക ഇളക്കിമാറ്റി ഉണ്ടാക്കുകയായിരുന്നു. തെക്ക് വശത്തെ പറമ്പിലേക്ക് ഇറങ്ങാന്‍ അത് ഉപയൊഗിച്ചു.ആ പറമ്പിനെ "ഊട്ടി" എന്നാണ് വിളിച്ചിരുന്നത്‌. നല്ല തണുപ്പും,തണലും,മരങ്ങളും നിറഞ്ഞ ഒരു പറമ്പ്.ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന കുട്ടികളുടെ താവളം ഊട്ടി ആയിരുന്നു, പുകവലിയും മറ്റും അവിടെ നടക്കും.ഒരു പഴയ വീടും അതില്‍ പഴയ കടലാസ് വിലക്കെടുക്കുന്ന ഒരു കമ്പനി ഒക്കെ കൂടിയാണ് ഊട്ടി. കുറെ പെണ്ണുഗ്കളും, ജോലിക്കാരും...

മാഷുംമാര്‍ക്ക് ഒക്കെ അറിയാമെങ്കിലും ആരും അതിനെ ചോദ്യം ചെയ്തില്ല.
ആ വഴിക്കും കുട്ടികള്‍ സഞ്ചരിക്കാന്‍ തുടങ്ങി. അന്ന് പാടങ്ങള്‍ നികത്താന്‍ തുടങ്ങുന്നേ ഉള്ളു. GCDA ഉള്ള പാടം ഒക്കെ നികത്തിവീടുകള്‍ പണിയാന്‍ തുടങ്ങി. ജേര്‍ണലിസ്റ്റ് കോളനിയും, ജഡ്ഗേസ്‌ അവന്യു ഒക്കെ അങ്ങനെ വന്നു ചേര്‍ന്നു. പാടത്തിന്റെ ഇടയില്‍ താമസിച്ചിരുന്ന പാവങ്ങള്‍ ഒരു മൂലയില്‍ ചേരിയില്‍ ഒതുങ്ങി.ഒരു മീനെ പോലും പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ കനാലും തോടും, കുളവും ഒക്കെ നികത്തി വിറ്റു. അമ്മിണിയെന്ന സ്ത്രീയും സുന്ദരേശന്‍ എന്ന ചെറുപ്പക്കാരനും മനസ്സിന്റെ താളം തെറ്റി അലയുന്നത് എനിക്ക് കാണേണ്ടി വന്നു. നഗരവല്‍ക്കരണത്തില്‍ നഷ്ടപെട്ടത് അവരുടെ ജീവിതം തന്നെ ആയിരുന്നു.

No comments:

Post a Comment