Friday, January 28, 2011

ചിരി എന്‍റെ മുഖമുദ്ര

എട്ടില്‍ പഠിക്കുമ്പോള്‍ ആണ് ടൂഷന് പോകാന്‍ തുടങ്ങിയത്. ആന്റണി മാഷിന്റെ വീട്ടില്‍ ആയിരുന്നു ടൂഷന്‍. കലൂര്‍ പള്ളിയുടെ അടുത്താണ് ക്ലാസ്സ്‌ റൂം. മാഷിന്റെ പഴയ വിറ്റുകള്‍ ചേട്ടന്‍ വഴി ഞാന്‍ കേട്ടിരുന്നു. അത് തുടര്‍ന്നു കേള്‍ക്കാനുള്ള യോഗവും എനിക്കുണ്ടായി. അതുകൊണ്ട് ഏറെ ചിരിക്കാന്‍ കഴിഞ്ഞില്ല. ചിരി എന്‍റെ മുഖമുദ്ര ആയിരുന്നു. അവിടെ പഠിപ്പിക്കാന്‍ വന്ന മറ്റൊരു മാഷിനെ എല്ലാവരും മളാച്ചന്‍ എന്നു വിളിച്ചു. അതിന്റെ അര്‍ഥം ഇനിയും എനിക്ക് പിടി കിട്ടിയിട്ടില്ല. ആ മാഷ് എന്നെ ചിരിയോ ചിരി എന്നു വിളിച്ചു കളിയാക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആ മാഷും കുടുംബവും കുഞ്ഞും ഒക്കെ എന്‍റെ സുഹൃത്തുക്കള്‍ ആയി മാറി !!

ആന്റണി മാഷിന്റെ ചേട്ടന്‍ അന്ന് ചില മലയാളം സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്തു പോന്നു. തടിയനും, കുടവയറും കള്ളുകുടിയനും ഒക്കെ ആയിരുന്നു പാവുണ്ണി എന്ന ആ താരം. പരിചയം ഇല്ലാത്ത പല ലോക കാര്യഗളും അയാള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നിരുന്നു. അതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ അയാളുടെ ചുറ്റും കൂടി.

എട്ടില്‍ വെച്ചു തന്നെ ഞങ്ങള്‍ കൂടെ പഠിക്കുന്ന പെണ്‍ കുട്ടികളെ പ്രേമിക്കാന്‍ തുടങ്ങി.
ഓരോരുത്തരും ജാതിയും ഒക്കെ നോക്കി ആണ് പ്രേമിചിരുന്നത്. എനിക്ക് കിട്ടിയത് ഒരു ഗീതയെ ആണ്. വെളുത്ത് കൊലുന്നനെ ഒരു നാടന്‍ പെണ്‍കുട്ടി. നായര്‍ ആയിരുന്നു. അവരുടെ നാലുകെട്ട് എന്‍റെ വീട്ടില്‍ നിന്നും അല്പം മാറി ആയിരുന്നു. അന്ന് കലൂരില്‍ നാലുകെട്ടും, എട്ടുകെട്ടും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് പുകലക്കാട്ട് കാരുടെ പാലാരിവട്ടത്തുള്ള എട്ടുകെട്ട് മാത്രം ആണ്.

ചിലപ്പോള്‍ ആ കുട്ടി എല്ലാവരെയും പ്രേമിക്കുനുന്ടെന്നു തോന്നും? ഇടക്ക് എബ്രഹാം എന്നു പേരായ ഒരുത്തന്‍ ഗീതയെ വളക്കാനുള്ള ശ്രമം തുടങ്ങി. എനിക്ക് സഹിച്ചില്ല. അവന്‍ വര്‍ത്തമാനം പറയുക ഇന്ഗ്ലിഷില്‍ ആയിരുന്നു. തെറ്റ് ആണെങ്കിലും പഠിക്കാന്‍ എന്ന ശ്രമത്തില്‍ അവന്‍ അത് ഒഴിവാക്കിയില്ല. കേള്‍വിക്കാര്‍ വാ പൊളിച്ചു കേട്ടു. പക്ഷെ ഗീതയുടെ വീട്ടുകാര്‍ എന്നെ ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം ബുക്കുകള്‍ കൈമാറി. അതില്‍ ഞാന്‍ ചിത്രഗലും, കവിതയും എഴുതി നല്‍കി. അത് വായിച്ചു ഗീത എനിക്ക് ചിരികള്‍ നല്‍കി. അവളുടെ ചേച്ചി ഒരു പേന എനിക്ക് തന്നു. അമ്മ ഇടക്ക് അമ്പലത്തിലെ പായസവും, മറ്റും...പാവാടയും, ബ്ലൌസും മാത്രം അണിഞ്ഞു വന്ന ഏക പെണ്‍കുട്ടി ഗീത ആയിരുന്നു.

ടൂഷന്‍ ക്ലാസ്സിന്റെ അടുത്ത വീട്ടിലെ മോളി എന്ന കുട്ടിയും ക്ലാസ്സില്‍ വരുമായിരുന്നു .
ഒരിക്കലും ആന്റണി മാഷിന്റെ ചേട്ടന്റെ മോന്‍ ആയ ബിജു അവളെ കല്യാണം കഴിക്കും എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. രണ്ടു കുട്ടികളും ഒക്കെ ആയി അവന്‍ ഇപ്പോള്‍ പഞ്ചാബില്‍ ആണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ആണ് അവനു ജോലി. വല്ലപ്പോഴും കലൂര്‍ പള്ളിയിലെ പെരുന്നാളിന് കാണാറുണ്ട്. ഇപ്പോള്‍ അതും ഇല്ല. ടൂഷന്‍ ക്ലാസ്സിലെ പ്രേമം കൊണ്ട് അത് മാത്രം സഫലമാക്കപെട്ടു. വേറെ ഒക്കെ പാഴായി പോയി. ആരും ഈ പ്രേമം അറിഞ്ഞില്ല. അല്ലെങ്കില്‍ അവളെ കുറിച്ച് ഉള്ള പരാമര്‍ ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.

No comments:

Post a Comment