Wednesday, January 26, 2011

സിനിമ

മന്ത്രപരമ്പില്‍ എന്നും ചൂട് കാറ്റു വീശിയടിച്ചു.
അത് അടുത്ത് ലിസ്സി ഹോസ്പിറ്റല്‍ ഉള്ളത് കൊണ്ടായിരിക്കും.
മരുന്നിന്റെയും, ഫിനോയിളിന്റെയും മണം പേറുന്ന ലോകം. അവിടുത്തെ കന്യാസ്ത്രീകളുടെ ചിരിയും, തമാശയും നിറഞ്ഞു.

നടന്‍ കമലഹാസനെ പ്രണയിച്ച ത്രേസ്യാമ്മ എന്ന കഥാപാത്രം എന്‍റെ അയല്‍പക്കത് ഉണ്ടായിരുന്നു. അന്ന് ഈറ്റയും, മറ്റും തകര്‍ത്തോടിയ സിനിമ. ഓരോ നിമിഷവും ത്രേസ്യാമ്മ കമലഹാസനെ സ്വപ്നം കണ്ടു. അത് മറ്റുള്ളവരോട് പറയാനും അവര്‍ മടി കാട്ടിയില്ല. ഞങ്ങള്‍ കളിയാക്കും. അതൊന്നും അവര്‍ കൂട്ടാക്കിയില്ല.
അവര്‍ ഒരിക്കലും ആ മഹാനടനെ സ്ക്രീനില്‍ അല്ലാതെ കണ്ടിട്ടുകൂടി ഇല്ല്ല.
അവരുടെ യവ്വനം ആ നടനെ ചുറ്റി വരിഞ്ഞു. പലപ്പോഴും അതിന്റെ പേരില്‍ അവര്‍ തര്‍ക്കിക്കുന്നത്‌ പോലും ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലം അവര്‍ കമലഹാസനെ കല്യാണം കഴിക്കുന്നതും നോക്കി ഇരുന്നു. കഷ്ടം?

പിന്നെ ഒരു സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ അതിന്റെ കഥ പറച്ചില്‍ ആണ്.
മിക്കവാറും ആരുടെയെങ്കിലും തലയിലെ പേന്‍ നോക്കി കൊടുക്കുമ്പോള്‍ ആയിരിക്കും ഈ കഥ പറച്ചില്‍.
ഞങ്ങള്‍ കുട്ടികള്‍ അത് കേള്‍ക്കാന്‍ അടുത്തിരിക്കും.
മികച്ച കഥ പറച്ചില്‍ തങ്കമ്മ ചേച്ചിയുടെതാണ്. എല്ലാ സിനിമയും കാണുന്ന മന്ത്രപരമ്പിലെ ഏക സ്ത്രീ. ഓരോ സീനും വൃത്തിയായി അവര്‍ പറയും. പിന്നെ സിനിമ കാണേണ്ട കാര്യം ഇല്ല. ഇടക്ക് ചില സീനുകള്‍ കുട്ടികള്‍ കേള്‍ക്കാതെ കേള്‍ക്കുന്ന ചേച്ചിയുടെ ചെവിട്ടില്‍ മന്ത്രിക്കും. നാണം കലര്‍ന്ന നോട്ടം ഇരുവരും ഞങളുടെ നേര്‍ക്കായി.
ഞങ്ങള്‍ വാ പൊളിച്ചിരിക്കും. അത് അറിയാനുള്ള ആഗ്രഹം അറിയിച്ചാല്‍ "പോടാ ' ഇന്നു പറഞ്ഞു ഓടിക്കും. ഇല്ല നടന്മാരുടെയും,നടികളുടെയും പേരുകള്‍ തങ്കമ്മ ചേച്ചിക്ക് മനപ്പാഠം ആണ്.
ഓരോരുത്തരുടെയും നാളും, പേരും , ഊരും ഒക്കെ വളരെ കൃത്യമായി പറഞ്ഞു തരികയും ചെയ്യും. "നാന" ഒക്കെ അന്നും സജീവം ആണ്. ഇന്നും.

അന്ന് അഞ്ചു തിയറ്റരുകളെ ഉള്ളു, പദ്മ, ഷേനയീസ്, കവിത, മേനക, ലെക്ഷ്മന്‍...
സ്രീധരില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ആണ്. അതില്‍ അകെ കൂടി കണ്ട മലയാളം സിനിമ "കലിക" ആണ്. അന്ന് അത് കണ്ടു പേടിച്ചു. മലയാളനാടില്‍ വായിച്ച നോവല്‍ ആണെങ്കിലും സിനിമ ആയി കണ്ടപ്പോള്‍ പേടി തോന്നി.
അന്ന് ഞാന്‍ ഏഴില്‍ പഠിക്കുന്നു. ഷീലയുടെ നോട്ടം ഇപ്പൊഴും കനലായി കിടക്കുന്നു. അതിന്റെ സി ഡി കിട്ടാനില്ല. സുകുമാരനെ പുണരുന്ന ഷീലയുടെ കൈത്തലം ഒരു വൃദ്ധയുടെ കൈ ആയി മാറുന്ന ഒരു രംഗം ഉണ്ട്. അത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.

പിന്നെ പേടിച്ച സിനിമ "യക്ഷഗാനം" ആണ്. അത് ലെക്ഷ്മന് തിയറ്ററില്‍ ആണ് കണ്ടത്. എന്നെ കൊണ്ട് പോയത് ആശാനും, ആന ജോര്‍ജും ആണ്. കൂടെ കിണ്ണു ഗോപി ഉണ്ടായിരുന്നോ എന്നു സംശയം. ആശാന്‍ പേടിച്ചു പിറ്പിറുത്തത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു. "നിശീധിനീ..നിശീധിനീ ..ഞാന്‍ ..ഒരു രാപ്പാടീ..ആടാം..പാടാം..നിന്‍ വിരഹ ഗാനം പ്രാണനില്‍ ഉണരും യെക്ഷഗാനം.." ഷീല പാടുന്ന പാട്ടാണ്..അന്നും യെക്ഷിക്ക് വെളുത്ത സാരി ആയിരുന്നു.

മന്ത്രപരമ്പിലെ ചൂടും, തണുപ്പും, മഞ്ഞും, മഴയും മറക്കാന്‍ കഴിയാത്ത പ്രണയം പോലെ ഇന്നും എന്‍റെ മനസ്സിനെ താലോലിച്ചു കൊണ്ടിരിക്കുന്നു. അതൊക്കെ ആയിരിക്കും എന്നെ ഞാന്‍ ആക്കി തീര്‍ത്തത്?






No comments:

Post a Comment