Thursday, December 23, 2010

കരോള്‍

ഡിസംബര്‍. കരോളിന്റെ കാലം. ഞങ്ങള്‍ കുട്ടികള്‍ കരോള്‍ നടത്തി.
രാത്രി ഏഴു മണിയോടെ മേക്കപ്പ് ഒക്കെ കഴിഞ്ഞു ഇറങ്ങും.
മുതിര്‍ന്നവരും ഞങ്ങളെ അനുഗമിക്കാറുണ്ട്. രാത്രിയില്‍ നല്ല മഞ്ഞും,തണുപ്പും കാണും
ഒരു പുതപ്പു ആണ് തിരശീലയായി ഉപയോഗിക്കുക
പുതപ്പിന് പിറകില്‍ വേഷക്കാര്‍ നില്‍ക്കും. ആദ്യം രംഗത്ത് വരുന്നത് പപ്പാഞ്ഞി ആയിരിക്കും.
വയറു കുലുക്കി, ഡാന്‍സ് ചെയ്യും..അണിയറയില്‍ പാട്ട് പാടും..
പിന്നെ ചെറിയ ഒരു നാടകം ആണ്. ബൈബിളിലെ ചെറിയ ഒരു രംഗം നാടകമായി അവതരിപ്പിക്കും.
എപ്പൊഴും ഹെരൊധോസിന്റെ കഥ ആയിരിക്കും.
"ആരെവിടെ?"
" അടിയന്‍"
" ഈ നാട്ടിലെ മൂന്നു വയസ്സിനു താഴെയുള്ള എല്ലാ പിഞ്ചു കുഞ്ഞിന്റെയും ശിരസ്സ്‌ അറുത്തു മാറ്റാന്‍ ഞാന്‍ കല്പിക്കുന്നു"
"കല്‍പ്പന കല്‍പ്പന പോലെ നടക്കട്ടെ" ( ഉടെന്‍ പപ്പാഞ്ഞിയുടെ കമന്റ്‌ , മരപ്പണി മരപ്പണി പോലെ നടക്കട്ടെ..)
ചങ്ക് പിളര്‍ക്കുന്ന ഒച്ചയില്‍ അലറും..." പത്തു വെള്ളി കാശിനു വേണ്ടി യേശുവിനെ ഒറ്റി കൊടുത്ത യുദാസ് ..."
പിന്നെ ഒരു നിശ്ചല രംഗം ആണ്. മറിയം, ഔസെഫ് യേശുവിനെ മടിയില്‍ കിടത്തി ഇരിക്കുന്നു.
അടുത്തത് ഡാന്‍സ് ആണ്. മദാമ്മയുടെ വേഷം കെട്ടിയ ഞാന്‍ അരങ്ങു തകര്‍ക്കും.
ഫ്രോക്കും, കൂളിംഗ് ഗ്ലാസും, സ്കാര്‍ഫും , ലിപ്സ്ടിക്കും ഒക്കെ ഇട്ടു ഇംഗ്ലീഷ് പാട്ടില്‍ ലയിക്കും...
ചിലപ്പോള്‍ കൂടെ സായിപ്പും കാണും.
അന്ന് അമ്പതു പൈസ കിട്ടിയാല്‍ കുശാല്‍ ആണ്.
മഞ്ഞില്‍ കരോള്‍ കളിച്ചു നടന്നു മിക്കവാറും പനി പിടിക്കും.
അമ്മ ചീത്ത പറയും. പക്ഷെ മദാമ്മയായി എനിക്ക് മാത്രമേ പ്രവേശനം ഉള്ളു.
അന്ന് ചവിട്ടു നാടകക്കാര്‍ വരാറുണ്ട്. മുളവുകാട്, വയ്പിന്‍ തുടങ്ങിയ സ്ഥലത്ത് നിന്നും ആവും വരവ്.
അത് വളരെ ആസ്വദിക്കാന്‍ പറ്റിയ കലാരൂപം ആണ്.
അവരുടെ കാലുകളുടെ വേഗവും, ചുവടും കാണേണ്ടത് തന്നെ..
ആകര്‍ഷണീയമായ വേഷവിധാനം കാണാന്‍ തന്നെ കണ്ണിനു സായൂജ്യം,
ഇപ്പോള്‍ ഒന്നും ഇല്ല. എന്റെയൊക്കെ മനസ്സില്‍ എപ്പൊഴും ഈ രംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.

No comments:

Post a Comment