Wednesday, December 1, 2010

മന്ത്ര പറമ്പില്‍ അന്ന് ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.അന്ന് അവര്‍ തട്ടം
ഉപയോഗിച്ചിരുന്നു,അതും വല്ലപ്പോഴും മാത്രം.വേറൊരു കുടുംബം ഉണ്ടായിരുനെങ്ങിലും അവരെ
കുറിച്ച് എനിക്ക് നല്ല ഓര്‍മയില്ല.അധികം താമസിയാതെ അവര്‍ വീട് വിറ്റു പോകയും ചെയ്തു.
ആ വീട്ടില്‍ തീപെട്ടി പടം ബുക്കില്‍ ഒട്ടിച്ചു വെക്കുന്ന ഒരു നാസ്സര്‍ ഉള്ളതായി ഓര്‍മയുണ്ട്.
അവശേഷിച്ച വീട്ടില്‍ വലിയൊരു മാവും അതില്‍ ഒരു ഊഞ്ഞാലും കെട്ടിയിരുന്നു.
എന്‍റെ തറവാട്ടില്‍ നിന്നാണ് മിക്ക വീടുകളിലും പാല് കൊടുത്തിരുന്നത്. ഞാന്‍
പാലുമായി ചെല്ലുമ്പോള്‍ ഊഞ്ഞാല്‍ ഉയരത്തില്‍ ആടാറുണ്ട്‌.അപ്പോള്‍ അത്
നോക്കി അവിടത്തെ സുബൈദ ഉമ്മ " അള്ള..പടച്ചോനെ.." എന്നൊക്കെ പറഞ്ഞു പേടിച്ചു
അത് നോക്കി നില്‍ക്കും. അവരെ പേടിപ്പിക്കാന്‍ എനിക്കിഷ്ടം
ആയിരുന്നു.കറുത്ത് തടിച്ചു ഉയരമുള്ള, ജിമിക്കി കാതിലിട്ട ഒരു പാവം ഉമ്മ.
ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും കുടുംബവും റെയിലിന്റെ അപ്പുറം
താമസിച്ചിരുന്നു.

കുറെ നാളുകള്‍ക്ക് ശേഷം വാടകയ്ക്ക് ഒരു കുടുംബം വന്നു ചേര്‍ന്നു.
അതും റെയിലിന് അപ്പുറം ആയിരുന്നു.എന്‍റെ ചേച്ചി അവിടത്തെ കുട്ടികള്‍ക്ക്
ടുഷന്‍ എടുക്കുമായിരുന്നു.അതുകൊണ്ട് അവരുമായി നല്ല അടുപ്പത്തില്‍ ആയിരുന്നു
ഞങ്ങള്‍. വര്‍ഷഗള്‍ക്ക് ശേഷമാണ് ആ ഉമ്മ മലയാള സംവിധായകന്‍ ഫാസിലിന്റെ
സഹോദരി ആണെന്ന് അറിയുന്നത്.അവരുടെ മകന്‍ ഷാജി ഇപ്പോള്‍ അഭിനേതാവ്
ആണെല്ലോ.ചെറുപ്പത്തില്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് പോലുമില്ല.


എന്‍റെ സ്കൂളിന്റെ മുന്നില്‍ ആയിരുന്നു മമ്മാലിക്കയുടെ പലചരക്ക് കട,ആ
പ്രദേശത്തെ അകെ കൂടിയുള്ള സ്ഥാപനം.അതുകൊണ്ട് നാട്ടുകാര്‍ക്ക്‌ മുഴുവനും
മമ്മാലിക്ക പ്രിയപെട്ടവന്‍ ആയിരുന്നു.അയാളുടെ മകന്‍ ആസാദ്‌ എന്‍റെ
ക്ലാസില്‍ ആണ്. കടയില്‍ ചന്ദ്രന്‍, ഉമ്മര്‍, ആറൂന്‍ എന്ന ചെറുപ്പക്കാര്‍
ആയിരുന്നു ഉണ്ടായിരുന്നത്. താറാവ്മുട്ട ചോദിച്ചു വരുന്ന പെണ്‍കുട്ടികളോട്
"തൂറാന്‍ മുട്ടുന്നോ" എന്ന് കളിയാക്കി അവര്‍ ചോദിക്കും. "ഒന്ന് പോടോ.."
എന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ നാണിച്ചു നിക്കും.രാത്രി കട അടക്കുമ്പോള്‍
ഉപ്പിന്റെ ചാക്ക് മാത്രം അകത്തേക്ക് എടുത്തു വെക്കാറില്ല.വര്‍ഷങ്ങളോളം അത്
മോഷ്ടിക്കപ്പെടാതെ പുറത്തിരുന്നു.

നോര്‍ത്തില്‍ നിന്നും മാറി എന്‍റെ കുടുംബം കലൂരില്‍ താമസമാക്കി. ആ പരിസരത്ത് വാടകയ്ക്ക്
താമസിച്ചിരുന്ന ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.തടിച്ച
ശരീരമുള്ള ഉമ്മയും, ഉപ്പയും, പരപ്പന്‍അങ്ങാടി ആയിരുന്നു അവരുടെ സ്വദേശം.
ബിനു എന്നും ബിജു എന്നും പേരുള്ള ഒരാണും ഒരു പെണ്ണും മക്കളായി അവര്‍ക്കുട്.
അവരുടെ വീട്ടില്‍ നിന്നും മട്ടണ്‍ ബിരിയാണി കഴിക്കാറുണ്ട്. അതിന്റെ മനവും
സ്വാദും ഒക്കെ ഇപ്പോഴും നാവില്‍ നില്‍ക്കുന്നു.അതോപോലെ ഒരു ബിരിയാണി പിന്നെ
കഴിച്ചിട്ടില്ല. അവര്‍ വേറെ വീട് വാങ്ങി മാറി.കുറെ നാളുകള്‍ക്ക് ശേഷം ആ ഉമ്മ ഒരു
പെണ്‍കുട്ടിയെ കൂടി പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ നാണം തോന്നി. അവരുടെ
മക്കള്‍ മുതിര്‍ന്നിരുന്നു.

ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയി. തൊട്ടിലില്‍ മുന്ന് വയസായ ഒരു സുന്ദരി കുട്ടി.
മുംതാസ് എന്നാണ് അവള്‍ക്കു പേരിട്ടിരുന്നത്.ആ കുഞ്ഞിനു സംസാര ശേഷി ഇല്ലായിരുന്നു.
" വയസ്സാന്‍ കാലത്ത് പടച്ചോന്‍ എനിക്ക് തന്നതാ സുനീ ...", അവര്‍ ഉള്ളുരുകി പറഞ്ഞു.
എനിക്ക് വല്ലാതെ വിഷമം തോന്നി.എനിക്ക് അന്നും അവര്‍ ബിരിയാണി ഉണ്ടാക്കി തന്നു.


എന്ന് എന്‍റെ നാട്ടില്‍ കുട്ടികള്‍ മുതല്‍ പര്‍ദ്ദ ഇട്ടാണ് നടക്കുന്നത്. പലരും ഈ നാട്ടുകാരല്ല.
പലരുടെയും മുഖം കാണാന്‍ പറ്റാറില്ല.സന്ധ്യ നേരം റോഡില്‍ ഈ ഉമ്മമാരെ കാണുമ്പോള്‍
ചെറുപ്പത്തില്‍ തോന്നിയ ഒരു ഭയം ഇപ്പോഴും എനിക്ക് തോന്നും.

No comments:

Post a Comment