Sunday, December 5, 2010

ഓണ നാളുകളില്‍ വിടരുന്ന ഒരു പൂവാണ് എന്‍റെ വീട്..ആ പൂവ് എന്ന് മുതല്‍ വിടരാന്‍ തുടങ്ങി
എന്നൊന്നും അറിയില. ഓര്‍മ വെച്ച കാലം മുതല്‍ എന്‍റെ വീട്ടില്‍ ആയിരുന്നു ദേശക്കാരുടെ ഓണം.
ചിങ്ങം പിറന്നാല്‍ പിന്നെ പരീക്ഷയുടെ ചൂടാണ്. അത്തം മുതല്‍ പൂക്കളം ഇടണം. അതിനിടയില്‍ ആണ് പരീക്ഷ.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ ചായ കുടി കഴിഞ്ഞു ഇറങ്ങും. പൂക്കള്‍ പറിക്കാന്‍.
എല്ലാവരും ഉണ്ടാകും കൂടെ. കാക്കപ്പൂ പറിക്കാന്‍ ആണ് വിഷമം. വയലെറ്റ് നിറത്തില്‍ ഒരു കടുകോളം
വലിപ്പമുള്ള പൂവാണ് . കുറെ നേരം ശ്രമിച്ചാലേ ഒരു കൈ കുമ്പിള്‍ കിട്ടു. അതാണ് പൂക്കളത്തിലെ പ്രഥമ നിറം..
പിന്നെ തുമ്പ, തൊട്ടാവാടി, കോളാമ്പി, തെച്ചി, കൊങ്ങിണി, ഒക്കെ അന്ന് പല പറമ്പിലും കിട്ടും.
ഇടക്ക് കുറച്ചു ദൂരെ റയിലിന്റെ അപ്പുറത്തും ഒക്കെ പോകും. അവിടെ പേരറിയാത്ത പൂക്കള്‍ ഉണ്ട്.
ഞാന്‍ പഠിക്കുന്ന സ്ചൂളിനടുത്തുള്ള പറമ്പില്‍ മുരിക്കിന്റെ പൂവും, അതിനപ്പുറത്തെ പാടത്തു നിന്നും
പായലില്‍ ഉള്ള പൂക്കളും പറിക്കും.
ചേമ്പിലയില്‍ ആണ് പൂക്കള്‍ ശേഖരിക്കുന്നത്. അത് ഓരോന്നായി കൂടയില്‍ വെക്കും.
ചിലത് പങ്കിടും. എല്ലാ വീട്ടിലും പൂവിടും. ആര്‍ക്കും മത്സരം ഒന്നും ഇല്ല.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യം പൂക്കളം വാരലാണ് .
"ആര്പ്പോഓഓ........ഇറോഓഒ"...എന്ന് വിളിച്ചു പൂക്കള്‍ വാരി പെരയുടെ പുറത്തിടും.
ഓടിന്റെ കൂരയില്‍ പൂക്കള്‍ ചിതറി കിടക്കും. അതാണ് അതിന്റെ ശരി.
അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടും ഇല്ല്ല.

അതിനിടയില്‍ ഓണക്കോടി എടുക്കും.അന്ന് റെഡിമൈഡ് ഒന്നും ഇല്ല. ഒക്കെ തയ്പിച്ചു എടുക്കും.
എനിക്കും ചേട്ടനും ഒരു പോലത്തെ ആണ് എപ്പൊഴും.

തിരുവോണത്തിന്റെ തലേന്ന് ഓണത്തപ്പനെ ഒരുക്കണം.
അരിപ്പൊടിയുടെ പൊട്ടുകള്‍ കുത്തി അത് റെഡി ആക്കും.
മുറ്റത്ത്‌ പൂക്കളം ഇടുന്ന ചാണക വട്ടത്തില്‍ തറ കെട്ടും.
കുരുത്തോല കൊണ്ട് നാലു വശവും തോരണം കെട്ടും.
ബാക്കി വരുന്ന അരിപ്പൊടി അതില്‍ വിതറും. അതോക്ക് കഴിഞ്ഞാണ് ഉറങ്ങുക,
അടുക്കളയില്‍ അച്ഛനും, അമ്മയും സദ്യ ഒരുക്കത്തില്‍ ആയിരിക്കും.
ഇഞ്ചി, ഉള്ളി, കായ അതൊക്കെ അച്ഛന്‍ ഉണ്ടാക്കും... ഞാന്‍ ഉറങ്ങി പോകും.
വെളുപ്പിനെ " അര്ര്‍പ്പോ...' വിളിയുടെ ശബ്ദം കേട്ടാണ് ഉണരുക.
അമ്മ കുളിച്ചു ഓണക്കോടി, ( മുണ്ടും നേര്യതും) ഉടുത്തു ഓണത്തപ്പനെ വരവേല്‍ക്കാന്‍ നില്‍ക്കും.
ഇരിക്കാന്‍ ഉപയോഗിക്കുന്ന പലകയില്‍ ഓണത്തപ്പനെ വെച്ച് ,തലയില്‍ വെച്ച് കളം ചുറ്റും.
പിറകില്‍ തുമ്പയും, കുരുതോലക്കീരും ചേര്‍ത്ത കൂട്ട് വിതറി കൊടുക്കും.
എല്ലാ ദിശയിലേക്കും ഓരോന്നു വെക്കും..കുറെ നേരം അര്പ്പോഒ ഇറോഒ വിളിക്കും...
ഓണം വന്നു കേറി..ഇനി കുളിക്കണം...പുതിയ ഉടുപ് ഇടണം...കളിക്കണം...(തുടരും)

No comments:

Post a Comment