Monday, August 1, 2011

മഴകണ്ണ്


മഴയൊഴുകിയ വഴിയിലൂടൊരു മഴനടത്തം
ഞാനെന്‍, മിഴിയിലൊരു നനവിന്റെ മുത്തിളക്കം,
കനവിലെ, തിണ്ണയില്‍ ചാറ്റല്‍ മഴ പെയ്യവേ,
അറിയതെയുണരുന്നെന്‍ മഴമേഘ രാഗം.
മറവിതന്‍ ലോകത്ത്, മാറാല തട്ടിയെടുത്ത
മനസിന്റെ ചെപ്പിലൊളിപ്പിച്ച രാഗം
ഇതു മീട്ടാന്‍ വരിക, നീ തുള്ളിക്കൊരു കുടമായ്
നിറയട്ടെ, നനയട്ടെ, എന്‍ മിഴി ജാലകങ്ങള്‍

Friday, July 8, 2011

മോക്ഷം കിട്ടാത്ത ഒരമ്മ.

ചുങ്കിടി ഡിസൈനില്‍ മഞ്ഞ നിറത്തിലെ ഒരു ചുരിദാര്‍ ആണ് അന്ന് അവര്‍ ധരിച്ചിരുന്നത്. സ്റ്റീല്‍ ഫ്രെയിം കണ്ണടയും,കയ്യില്‍ കാലന്‍കുടയുമായി ചില്ല് വാതില്‍ തുറന്നു വന്നപ്പോള്‍ തന്നെ ഞാന്‍ അവരെ കണ്ടു. റിസപ്ഷനിലെ പയ്യന്‍ ഇംഗ്ലീഷ് പത്രം കൈമാറി. അതുമെടുത്ത് ആരെയും ശ്രദ്ധിക്കാതെ അവര്‍ കോവണി കയറാന്‍ തുടങ്ങി. മുകളിലത്തെ നിലയിലെ റൂമില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. അവിടെയെത്താന്‍ അവര്‍ ഒരിക്കല്‍ പോലും ലിഫ്റ്റ്‌ ഉപയോഗിച്ചിരുന്നോ എന്നു പലര്‍ക്കും സംശയം. അങ്ങനെ എത്ര വര്‍ഷം?

ലൊക്കേഷന്‍- എറണാകുളം ദിവാന്‍സ് റോഡിലെ "ചന്ദ്രിക രെസിടന്‍സി", ഹോട്ടല്‍ .

കഥാപാത്രം- മരിയ ഷിമിഡ്

വര്‍ഷം- 1995

ഒരു ആപ്പിള്‍, മിട്ടായികള്‍ അതൊക്കെ ആയിരുന്നു അവരുടെ ഒരു ദിവസത്തെ ഭക്ഷണം!
ഇടക്കിടെ പുറത്ത് പോകും, കുറെ കഴിഞ്ഞു തിരിച്ചു വരും. എങ്ങോട്ട് പോകുന്നെന്നോ മറ്റും
ചോദിക്കാന്‍ ആരും നിന്നില്ല. അവര്‍ ആരോടും മിണ്ടാറില്ല.അവിടത്തെ ഒരു പയ്യന്‍ പറഞ്ഞത് അവര്‍ ഏതോ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വന്ന പത്രപ്രവര്‍ത്തക എന്നാണ്. ഒരു ദിവസം 700 രൂപ വാടക വരുന്ന റൂമില്‍ ആണ് താമസം! ഒരിക്കല്‍ പോലും തെറ്റിക്കാതെ അത് കൊടുത്തു പോന്നു.നഗരവാസികള്‍ ആയ ഞങ്ങള്‍ക്ക് ഒരു അത്ഭുതം ആയിരുന്നു മരിയ. (ഞങ്ങള്‍ കളിയാക്കി അവരെ അമ്മച്ചി എന്നു വിളിക്കാറുണ്ടായിരുന്നു).ഇന്ന് ആ മുറിയില്‍ മരിയ ഇല്ല. മുറിയില്‍ 23 ദിവസം മുന്‍പ് മരിച്ചു കിടന്ന അവര്‍ ഇന്ന് എറണാകുളം ജെനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിത്യ നിദ്രയില്‍ കഴിയുന്നു.
(എന്‍റെ ഓര്‍മകളില്‍ നിന്ന്)

Sunday, June 26, 2011

കുരവ

മറവിയുടെ പ്രായത്തില്‍
ഞാന്‍ പാവാട ഉടുത്തു, മുഖത്ത്, മഞ്ഞള്‍ തേച്ചു
കുരവയുടെ താളം കേട്ടു ഞാന്‍ കണ്ണ് പൊത്തി.
ഒഴുക്കില്‍ എന്‍റെ മുഖം വേറിട്ട കാഴ്ചയായി.
അലക്കുകല്ലില്‍ മയിലാഞ്ചി അരച്ച് കയ്യിലിട്ടു
ചോരയുടെ നിറം ഇളവെയിലില്‍ തിളങ്ങി.

Saturday, June 18, 2011

ഓര്‍മകള്‍, ഓളങ്ങള്‍..

രവിപുരത്തുള്ള ചേച്ചിയുടെ വീട്ടില്‍ ഒഴിവുകാലത്ത് ചെല്ലുമ്പോള്‍ പൊന്നമ്മ
ജോലിക്കാരിയായി അവിടെ ഉണ്ടായിരുന്നു. നല്ല തടിച്ചു, നീളന്‍ പാവാടയും, ബ്ലൌസും ആണ്
മുപ്പതുകാരിയായ പൊന്നമ്മ ധരിച്ചിരുന്നത്. ഹാസ്യം അവരുടെ കൂടപ്പിറപ്പായിരുന്നു. കുട്ടികള്‍ അവരുടെ തമാശയില്‍
ചിരിച്ചു. നന്നായി ജോലി ചെയ്യുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പോന്നമ്മയെ ഞങ്ങള്‍ കുട്ടികള്‍
അല്‍ഭുതത്തോടെ നോക്കി കണ്ടു. നാലുമണിക്ക് വിവിധ തരത്തില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി തന്നു അവര്‍ കുട്ടികളെ
കയ്യിലെടുത്തു.
അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ ആയിരുന്നു പോന്നമ്മ രാത്രി കിടക്കുക.
ഒരു പായും,തലയിണയും, പുതപ്പും അവര്‍ക്ക് കൊടുത്തിരുന്നു.അന്ന് നാന, ചിത്രഭൂമി, തുടങ്ങിയ സിനിമ മാസികകള്‍
ചേച്ചിയുടെ ഹരം ആയിരുന്നു. എല്ലാ സിനിമയും കാണാന്‍ പോകാന്‍ ചേച്ചി ഒരു മടിയും കാട്ടിയില്ല.
അത് കൊണ്ടു പഠിത്തത്തില്‍ ഒന്നും ഞങ്ങള്‍ മോശം ഒന്നും ആയില്ല. അവരുടെ തലയിണക്ക് താഴെ എപ്പൊഴും
മാസികകള്‍ കാണും.
"എനിക്ക് ഉണ്ണിമേരിയെ ആണ് ഇഷ്ട്ടം." പോന്നമ്മ വിവരിച്ചു.
"അയ്യേ?" സന്തോഷിനു ദേഷ്യം വന്ന് മുഖം തിരിച്ചു. സിന്ധുവും, ഞാനും ഒന്നും മിണ്ടിയില്ല.
"സുനിക്കോ" പോന്നമ്മ എന്നോട് ചോദിച്ചു.
ആലോചിക്കാതെ ഞാന്‍ പറഞ്ഞു, "ജയഭാരതി"
"മക്കളരിയില്ലേ, അവര്‍ അടൂരുകാരിയ.." പോന്നമ്മ നിവര്‍ന്നു ഇരുന്നുകൊണ്ട് പറഞ്ഞു.
അടൂര്‍ ആയിരുന്നു ചേച്ചിയുടെയും, പൊന്നമ്മയുടെയും തറവാടുകള്‍.
ഭാസ്കരേട്ടന്‍ ഇല്ലാത്ത ദിവസം ആണ് ഇങ്ങനെ തള്ളു പറയാന്‍ ഇരിക്കുവാന്‍ കഴിയു. ഉണ്ടെങ്കില്‍
പോന്നമ്മയോടു സംസാരിക്കാന്‍ സമ്മതിക്കാറില്ല. സ്റ്റോര്‍ മുറിയും അടുക്കളയും വിട്ട് അവര്‍ വരാറുമില്ല.
ചേട്ടന്‍ ഉള്ള ദിവസം ഞാനും കലൂരേക്കു തിരിച്ചു പോരും, കളി തന്നെ ആണ് വിഷയം. കുട്ടികള്‍ പഠിക്കില്ല എന്നു പറയും.
വഴക്ക് പറയുകയും, അത് പോലെ സ്നേഹിക്കുകയും ചെയ്യുന്ന ആളായിരുന്നു ഭാസ്കരേട്ടന്‍.

Friday, June 3, 2011

മഴയത്ത്

എന്‍റെ കുട്ടിക്കാലത്ത് മഴയത്ത് ഒരുപാടു കളിച്ച ഓര്‍മ്മകള്‍ നില്‍ക്കുന്നു.
കൊട്ടെകനാലിന്റെ ഒഴുക്കില്‍ വന്ന് പെടുന്ന കാരിയും, വരാലും ഒക്കെ പിടിച്ചു വറത്ത് തിന്നുകയും
ഇടക്ക് കിട്ടുന്ന സ്വര്‍ണ മത്സ്യങ്ങള്‍ കുപ്പിയില്‍ സൂക്ഷിച്ചും, കുട്ടികള്‍ തിമിര്‍ത്തു.
തോരാന ദിവസം ആറു ആന ഒഴുകി വരുന്നതും നോക്കി ഇരുന്നു. ആനയുടെ പകരം
പല വസ്തുക്കളും തോട്ടിലൂടെ ഒഴുകി വന്നു. റെയില്‍ പാളത്തില്‍ പോലും വെള്ളം നിറഞ്ഞു ഒഴുകും,
മദയാനയെ പോലെ തീവണ്ടി പലതും കടന്നു പോയി. വെള്ളത്തില്‍ കളിച്ചു കാലുകള്‍ മരവിക്കുകയും, ചിലര്‍ക്ക് പനിയും, ചുമയും ഒക്കെ പിടിക്കുകയും ചെയ്യും. ഡോക്ടര്‍ ഭാസ്കരമേനോന്റെ മരുന്നാണ് ആശ്വാസം.

Sunday, April 24, 2011

മഴ

കാത്തു നില്ക്കാന്‍ ഇപ്പോള്‍ മരതണല്‍ ഒന്നും ഇല്ലല്ലോ.
ഒരു ചെറിയ വാകയുടെ തണലില്‍ ഞാന്‍ നിന്നു. അവള്‍ വരും, വരാതിരിക്കില്ല.
ചുറ്റും ഭൂമി കുലുങ്ങുന്ന പോലെ ട്രാഫിക് തിരക്കുകള്‍. ഉറക്കെ സംസാരിച്ചാലും ആരും ഒന്നും
അറിയില്ല.മഴ പെയ്യുമോ? ആവൊ? ഈയിടെയായി മഴ എന്നെ ചതിക്കാറുണ്ട്.
പലപ്പോഴും നനഞ്ഞു ആണ് വീട്ടില്‍ എത്തുക.
തണുത്ത ദേഹം, വിയര്‍പ്പില്‍ ഒട്ടി ചേരുന്ന കുപ്പായം.
പൊടിക്കാറ്റു വീശി പോയി.ചിലപ്പോള്‍ പെയ്യും.പെയ്യട്ടെ.
കല്യാണം കഴിക്കാം എന്ന് വാക്ക് കൊടുക്കുന്ന ദിവസം ആണ് ഇന്ന്.
എനിക്ക് ആരെയും പേടിയില്ല.ജീവിതം ഞാന്‍ തിരഞ്ഞെടുക്കുന്നു.
അതില്‍ ആരും തെറ്റ് കാണില്ല.അമ്മ ചിലപ്പോള്‍ കരഞ്ഞേക്കും. ഓ അത് സാരമില്ല.
വാകയുടെ ചില്ലകള്‍ അടി ഉലഞ്ഞു. മഴ ചാറ്റലായി മെല്ലെ എന്നെ തണുപ്പിക്കാന്‍ തുടങ്ങി.
നഗരം വല്ലാതെ തിക്കും തിരക്കും കൂട്ടി ഓടാന്‍ തുടങ്ങി. മഴ കനക്കുന്നു.
അവള്‍ വരാന്‍ ആകുന്നത്തെ ഉള്ളു, പക്ഷെ മഴ? ചതിക്കുമോ?
കുറച്ചു പിറകിലേക്ക് മാറി ഒരു കടയുടെ തണലില്‍ നിന്നു. തിരക്കാണ് അവിടെയും
മിന്നല്‍..പിന്നെ..ഇടി മുഴക്കം..കാറ്റു..മഴ..ഭീകരം..മഴ കാറ്റു.??
മഴയില്‍ ഒന്നും തെളിയുനില്ല.കണ്ണ് മൂടിയോ? വാകയുടെ ചുവട്ടില്‍ ആരോ? അവള്‍ വന്നോ?
ഇല്ല, ഒരു പുരുഷന്‍ ആണ്. അയാള്‍ വെറുതെ മഴ കൊള്ളുന്നു..അതും വാകയുടെ ചുവട്ടില്‍ നിന്നു..
കണ്ടപ്പോള്‍ രസം തോന്നി. ഒരു കൂസലും ഇല്ല അയാള്‍ക്ക്. എനിക്ക് തണുക്കാന്‍ തുടങ്ങി.
ഷര്‍ട്ടും,പാന്റും അടിവസ്ത്രവും നനഞു തുടങ്ങി. കാറ്റു വീശി നനയുന്നു. കനത്ത മഴയില്‍ കണ്ണ് മൂടി.
വാകയുടെ ചോട്ടില്‍ ആരോ? വേറെ ഒരു ദേഹം? അവള്‍ ..ആണോ? കയ്യില്‍ കുട ചൂടി അവള്‍ അയാളെ
പൊതിഞ്ഞു. തോളില്‍ കയ്യിട്ടു കൊണ്ടു അവര്‍ തിരക്ക് കുറഞ്ഞ റോഡ്‌ കടന്നു..
നെഞ്ച് പിളര്‍ക്കുന്ന മിന്നലില്‍ അവളുടെ കൂടെഉള്ള എന്നെ ഞാന്‍ കണ്ടു.
ഞാനും, അവളുടെ കൂടെയുള്ള ഞാനും മഴ നനയുകയാണ്‌..

Sunday, March 13, 2011

ഉറക്കം മറന്നു പോയി.

വെളിച്ചം കാണുന്നത് ഇപ്പോള്‍ ആണ്. രാത്രിയില്‍ മഴ പെയ്തില്ല.
നേര്‍ത്ത വെട്ടം കൊരുത്ത മുറിയില്‍ ഞാന്‍ വെളുത്ത ഷീറ്റ് വിരിച്ച കിടക്കയില്‍ കിടന്നു.
കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല സുഖം തോന്നി. കുപ്പിയിലെ വെളുത്ത ദ്രാവകം ഗ്ലാസില്‍ ഒഴിച്ച്, കൂടെ
സോഡയും ചേര്‍ത്ത് മോന്തി. നാരങ്ങയുടെ അല്ലി ഇല്ല. അതുകൊണ്ട് ചെറിയ നീരസം തോന്നി.
അത് കോഴി വറുത്ത കഷ്ണഗല്‍ തീര്‍ത്തു. ഇന്നു രാത്രി അത്താഴം വേണ്ട. കോഴി വയറ്റില്‍ കിടന്നു പിടക്കും.
കിടക്കാന്‍ നേരം ചെറിയ ആ ഗുളിക എടുത്തു വിഴുങ്ങണം. അത്ര മാത്രം. രാവിലെ പതിവ് തെറ്റില്ല.
കൂടെ കിടക്കാന്‍ ആരും ഇല്ല. ഒരു കൊച്ചു വര്‍ത്തമാനം പറയാന്‍ പോലും ആരുമില്ല.
കിടക്കയില്‍ കിടന്നും, കുടിച്ചും ഈ രാത്രി തീര്‍ക്കണം. ഉറക്കം വന്നാല്‍ സുഖം. അത്ര തന്നെ.
മൂന്നാമത്തെ ഗ്ലാസ്‌ നിറക്കുമ്പോള്‍ കതകില്‍ മുട്ട് കേട്ടു. റൂം ബോയ്‌ ആകില്ല...
കതകു തുറന്നു. ഒരാള്‍..ഈശ്വര..ഞാന്‍ വന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍!
" സര്‍ ഞാന്‍ വെയിറ്റ് ചെയ്യണോ?"
ഉള്ളാന്തിപോയി.അയാളെ പറഞ്ഞു വിട്ടിട്ടില്ല. കഷ്ടം, തെറ്റുകാരന്‍ ഞാന്‍ തന്നെ.
"കേറി വാ " ഞാന്‍ ക്ഷണിച്ചു. മടിച്ചു മടിച്ചു അയാള്‍ മുറിയിലേക്ക് കേറി വന്നു.
"ഒഴിക്കട്ടെ", കക്ഷി ചിരിച്ചു. ഞാന്‍ ഒഴിച്ച ഒരെണ്ണം കഴിച്ചപ്പോള്‍ അയാള്‍ ഉഷാറായി.
പഴയ വിനയം കളഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. മുന്നെണ്ണം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
"എന്നിനി ഓട്ടോ ഓടിക്കേണ്ട" അയാള്‍ തലയാട്ടി. " സര്‍ എനിക്കൊന്നു കുളിക്കണം"
കുളി കഴിഞ്ഞു വന്നപ്പോള്‍ അയാള്‍ ( പേര് ഞാന്‍ ചോദിച്ചില്ല) എന്നേക്കാള്‍ സുന്ദരന്‍ ആണെന്ന് തോന്നി.
വേറൊരു കുപ്പി കരുതിയിരുന്നു. അത് കൊണ്ടു വിഷമം തോന്നിയില്ല.
പിന്നെ നേരം വെളുക്കും വരെ അയാള്‍ തന്റെ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇടക്ക് എനിക്ക് ഇഷ്ടപെട്ട പാട്ടുകള്‍ പാടി. ചില നര്‍മങ്ങള്‍,രാഷ്ട്രീയം, സാഹിത്യം,പോലീസ് അങ്ങനെ പലതും
ഞാന്‍ അറിയാത്ത പലതും ഞാന്‍ കേട്ടു. ആ നാവിന്റെ നന്മകള്‍ അറിഞ്ഞ രാത്രി.
ഇടക്ക് ഞാന്‍ ചൂളുകയും, ഒന്നും അല്ലാത്ത ഒരു അവസ്ഥയും ആകുന്നതും ഞാന്‍ അറിഞ്ഞു.
എന്‍റെ ജീവിതത്തില്‍ കിട്ടാത്ത ചില നിമിഷങ്ങള്‍ അയാള്‍ എനിക്ക് പകര്‍ന്നു തന്നു.
ഞാന്‍ പഠിച്ചതും, പഠിപ്പിച്ചതും വെറുതെ ആയി എന്ന തോന്നല്‍ എന്നെ മദിച്ചു, ആ നാവുകള്‍ പറയുന്നത് എത്രയോ ശരികള്‍ ആണ്? തെറ്റുകള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. മദ്യം അയാളെ മയക്കിയില്ല.
ഒരു നന്മയുടെ ചുരുള്‍ എന്‍റെ മുന്നിലേക്ക്‌ തന്നിട്ട് അയാള്‍ ഉറങ്ങി.
ഒരു ശല്യവും എനിക്ക് തന്നില്ല.
ഉറങ്ങാതെ നേരം വെളുപ്പിച്ചത് ഞാന്‍ മാത്രം...ഞാന്‍ മാത്രം...